ശബരിമലയിൽ പൊലീസിന്റെ ആറാമത് ബാച്ച് വ്യാഴാഴ്ച (ജനുവരി 9) രാവിലെ ചുമതലയേറ്റു. ജനുവരി 20 വരെ സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുന്ന ഇവർ ഈ ശബരിമല തീർത്ഥാടന സീസണിലെ അവസാന ബാച്ച് ആണ്. 12 ഡി.വൈ.എസ്.പിമാരുടെ കീഴിൽ 36 സി.ഐമാരും 105 എസ്.ഐ, എ. എസ്. ഐ മാരും 1450 സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്നസംഘമാണ് വ്യാഴാഴ്ച ചുമതലയേറ്റത്. ശബരിപീഠം മുതൽ പാണ്ടിത്താവളം വരെയാണ് ഇവരുടെ പ്രവർത്തന മേഖല.
വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ പുതിയ പോലീസ് ബാച്ചിന് സന്നിധാനം പോലീസ് സ്‌പെഷൽ ഓഫീസർ എസ്. മധുസൂധനൻ മാർഗനിർദ്ദേശങ്ങൾ നൽകി. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ അവസാന ഫേസ് ആണ് ഇനിയുള്ളതെന്നും, വരുന്ന 12 ദിവസം കൂടുതൽ അർപ്പണ മനോഭാവം പുലർത്തണമെന്നും അദ്ദേഹം സേനക്ക് നിർദ്ദേശം നൽകി. അയ്യപ്പ ഭക്തൻമാർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഒരുക്കണം. പ്രകോപനമില്ലാതെ അയ്യപ്പഭക്തരോട് പെരുമാറാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബാച്ചിന്റെ സ്‌പെഷ്യൽ ഓഫീസർ വി. അജിത്ത് IPS (AIG ക്രമസമാധാനം, തിരുവനന്തപുരം) ജനുവരി 10 ന് വെള്ളിയാഴ്ചയാണ് ചുമതലയേൽക്കുന്നത്. ജോയിന്റ് സ്‌പെഷ്യൽ ഓഫീസർ കിരൺ പി.ബി. IPS (ASP മട്ടാഞ്ചേരി), അഡീഷണൽ സ്‌പെഷ്യൽ ഓഫീസർ വേണുഗോപാൽ കെ.വി (ASP കണ്ണൂർ സിറ്റി) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിന്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.