ന്യൂഡൽഹി: സാന്റിയാഗോ മാർട്ടിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിലെ വിവരങ്ങൾ പരിശോധിക്കുകയോ പകർത്തുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന നടത്തരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.
ആറ് സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മേഘാലയ പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് മേഘാലയിൽ അനധികൃതമായി സംസ്ഥാനത്ത് ലോട്ടറി കച്ചവടം നടത്തിയെന്നാണ് മേഘാലയയുടെ പരാതി.
ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിലെ ജീവനക്കാരാണ് ഹരജി സമർപ്പിച്ചത്.