+

സംഘപരിവാറും ജനാധിപത്യവും തമ്മിൽ ഒരു പുലബന്ധവുമില്ല ; ശശികലയുടെ പരാമർശത്തിനെതിരെ വേടൻ

സംഘപരിവാറും ജനാധിപത്യവും തമ്മിൽ ഒരു പുലബന്ധവുമില്ല ; ശശികലയുടെ പരാമർശത്തിനെതിരെ വേടൻ

കൊച്ചി: ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലയുടെ പരാമർശത്തിനെതിരെ വേടൻ ഹിരൺദാസ് മുരളി. സംഘപരിവാറും ജനാധിപത്യവും തമ്മിൽ ഒരു പുലബന്ധവുമില്ലെന്നും വേടൻ പറഞ്ഞു. വേടൻ റാപ്പ് ചെയ്യേണ്ടന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണത്. റാപ്പ്‌ ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണ്.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയുടെ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു വേടൻ. തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമം നടക്കുകയാണ്. തനിക്ക് പിന്നിൽ ഒരു തീവ്രവാദശക്തികളുമില്ല. കൃത്യമായ നികുതിയടച്ച പണമാണ് തന്റെ കൈയിൽ ഉള്ളത്. അതിനിടെ വേടനെതിരായ പരാമർശത്തിൽ ശശികലക്കെതിരെ സി.പി.എം നേതാവ് പി. ജയരാജൻ രംഗത്തു വന്നിരുന്നു. വർഗീയ വിഷപ്പാമ്പുകളുടെ വായിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നും ശശികലക്കെതിരെ പൊലീസ് കേസെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പി. ജയരാജൻ പാലക്കാട്ട് പറഞ്ഞു.

നേരത്തെ, റാപ്പർ വേടനെതിരായ വിദ്വേഷ പ്രസംഗത്തിൽ കേസരി മുഖ്യപത്രാധിപർ എൻ.ആർ. മധുവിനെതിരെ കൊല്ലം കിഴക്കേ കല്ലട പൊലീസ് കേസെടുത്തിരുന്നു. സി.പി.എം ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തത്. കലാപ ആഹ്വാനത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം.

facebook twitter