സൗദിയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളുടെ വധശിക്ഷ നടപ്പിലാക്കി

02:30 PM Aug 11, 2025 | Suchithra Sivadas

സൗദിയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളുടെ വധശിക്ഷ നടപ്പിലാക്കി. മക്ക ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പിലാക്കിയത്. മകളെ പീഡിപ്പിച്ചും, പട്ടിണിക്കിട്ടും, തടവിലാക്കിയും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സൗദി പൗരന്മാരായ ദൈഫ് അല്ലാഹ് ബിന്‍ ഇബ്രാഹിം അല്‍-ഷംറാനി, സാറാ ബിന്‍ത് ദല്‍മഖ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍-ഷംറാനി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

കേസിന്റെ തുടക്കത്തില്‍ തന്നെ അറസ്റ്റിലായ ഇരുവരും തുടരന്വേഷണത്തില്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മതിയായ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന്‍ കൈമാറിയ കേസില്‍ കീഴ്‌കോടതിയും തുടര്‍ന്ന് അപ്പീല്‍ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ അവര്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ക്രൂരത കണക്കിലെടുത്താണ് ശിക്ഷ.