+

സ്വാതന്ത്ര്യദിനാഘോഷം ; ഡൽഹിയിൽ കനത്ത ജാഗ്രത നിർദേശം നൽകി

സ്വാതന്ത്ര്യദിനാഘോഷം ; ഡൽഹിയിൽ കനത്ത ജാഗ്രത നിർദേശം നൽകി

ഡൽഹി: ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാഗ്രത നിർദേശം നൽകി. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നുള്ള ഇന്റലിജൻസ് വിവരങ്ങൾ പുറത്ത് വന്നതോടെയാണ് ജാഗ്രതാ നിർദേശം നൽകിയത്. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാൽ ശക്തമായ മുൻകരുതൽ വേണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ആദ്യം നിശ്ചയിച്ച വേദിയും വലിയ ആൾക്കൂട്ടത്തിന്റെ സാന്നിധ്യവും സ്വാതന്ത്ര്യദിനത്തിൽ ഭീഷണി ഉയർത്തുന്നതാണെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രധാനാകർഷണം ഓപ്പറേഷൻ സിന്ദൂറാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണ്.

വ്യക്തികളെ കർശനമായി പരിശോധിക്കണം, യൂണിഫോമില്ലാത്ത ആരെയും നിയന്ത്രണമുള്ള പ്രദേശങ്ങളിലേക്ക് കടത്തി വിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ഏകോപിത തീവ്രവാദ ആക്രമണങ്ങൾ മുതൽ ചാവേറാക്രമണത്തിന് വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകൾ, ആഗോള ജിഹാദി ശൃംഖലകൾ, തീവ്ര ഇസ്ലാമിക വിഭാഗങ്ങൾ, സിഖ് തീവ്രവാദ ഗ്രൂപ്പുകൾ തുടങ്ങിയവയിൽ നിന്ന് ഭീഷണിയുള്ളതായി ഇന്റലിജൻസ് മുന്നറിയിപ്പുണ്ട്.

ഡൽഹിയിലെ ഉയർന്ന ജനസംഖ്യയും അനധികൃത കോളനികളുടെ സാന്നിധ്യവും ആക്രമണം നടത്താനെത്തുന്നവർക്ക് സുരക്ഷിത താവളമായി മാറാമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. സുരക്ഷാ പ്രത്യാഘാതങ്ങൾ മുൻനിർത്തി സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

facebook twitter