പൊതുജനാരോഗ്യം ലക്ഷ്യമിട്ട് സൗദി അറേബ്യയില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്ക് കര്‍ശന നിയന്ത്രണം. പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ 500 മീറ്റര്‍ ചുറ്റളവില്‍ പുകയില വില്‍ക്കുന്ന കടകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം ഇതിനായുള്ള പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും അംഗീകരിച്ചു.
പുതിയ നിയന്ത്രണങ്ങള്‍ സിഗരറ്റുകള്‍, ഷിഷ, ഇ-സിഗരറ്റുകള്‍ തുടങ്ങി എല്ലാത്തരം പുകയില ഉല്‍പ്പന്നങ്ങള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. രാജ്യത്തുടനീളം ആരോഗ്യകരവും ചിട്ടയായതുമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ഈ നടപടി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ നഗരപ്രദേശത്തെ വാണിജ്യ കെട്ടിടത്തിനുള്ളില്‍ ആയിരിക്കണം. കുറഞ്ഞത് 36 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണം നിര്‍ബന്ധമാണ്.
സാധുവായ വാണിജ്യ രജിസ്‌ട്രേഷന്‍, സിവില്‍ ഡിഫന്‍സ് അംഗീകാരം, മുനിസിപ്പല്‍ ലൈസന്‍സിംഗ് നിയമങ്ങളുടെ പൂര്‍ണ്ണമായ പാലിക്കല്‍ എന്നിവ ലൈസന്‍സ് ലഭിക്കാന്‍ ആവശ്യമാണ്. ഭിന്നശേഷിക്കാര്‍ക്ക് പ്രവേശിക്കാന്‍ റാമ്പുകള്‍, അലാറം, അഗ്‌നിശമന സംവിധാനങ്ങള്‍, സൗദി ബില്‍ഡിംഗ് കോഡ് പ്രകാരമുള്ള ലൈറ്റിംഗ്, വെന്റിലേഷന്‍ എന്നിവ നിര്‍ബന്ധമാണ്. അകത്തും പുറത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം.18 വയസ്സിന് താഴെയുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കര്‍ശനമായി നിരോധിച്ചു. പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടാന്‍ വില്‍പ്പനക്കാര്‍ക്ക് അധികാരമുണ്ട്. പായ്ക്കറ്റ് പൊട്ടിച്ച് ഒറ്റ സിഗരറ്റുകളായോ മറ്റ് ഉല്‍പ്പന്നങ്ങളോ ചില്ലറയായി വില്‍ക്കാന്‍ പാടില്ല. വില കുറച്ചോ, സമ്മാനമായോ, സൗജന്യ സാമ്പിളുകളായോ പ്രൊമോഷനല്‍ ഓഫറുകളുടെ ഭാഗമായോ പുകയില ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത് നിരോധിച്ചു.