ഏകീകൃത വിസ അടുത്ത വര്‍ഷം നല്‍കാനാവുമെന്ന് സൗദി ടൂറിസം മന്ത്രി

02:09 PM Nov 05, 2025 | Suchithra Sivadas

മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന 'ഏകീകൃത ഗള്‍ഫ് വിസ' അടുത്ത വര്‍ഷം മുതല്‍ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖത്തീബ് പറഞ്ഞു. യൂറോപ്യന്‍ ഷെങ്കന്‍ വിസ പരീക്ഷണത്തിന് പത്ത് വര്‍ഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത വിസ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വര്‍ഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബഹ്റൈനില്‍ നടന്ന ഗള്‍ഫ് ഗേറ്റ്വേ ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ സംസാരിച്ചപ്പോഴാണ് ടൂറിസം മന്ത്രി ഇക്കാര്യം പറഞ്ഞത്.

ജിസിസി രാജ്യങ്ങള്‍ ടൂറിസം മേഖലയില്‍ ചരിത്രപരമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും പുരാതന ഗള്‍ഫ് സംസ്‌കാരം, വികസിത അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷിതമായ പരിസ്ഥിതി എന്നിവ കാരണം എണ്ണയ്ക്കും വ്യാപാരത്തിനും സമാന്തരമായി ടൂറിസം മേഖലയെ മാറ്റുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം നാല് പ്രധാന ഗള്‍ഫ് വിമാനക്കമ്പനികള്‍ ഏകദേശം 15 കോടി യാത്രക്കാരെ വഹിച്ചു. അതില്‍ ഏഴ് കോടി പേര്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. സൗദിയുടെ വിഷന്‍ 2030 ടൂറിസം, വിനോദം, സംസ്‌കാരം എന്നിവയ്ക്ക് വിപുലമായ അവസരങ്ങള്‍ തുറന്നിട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.