കോഴിക്കോട്: ക്രിസ്മസ് ആഘോഷത്തിന് ആശംസയറിയിച്ച് പാണക്കാട് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന് കീഴെ തെറിവിളിയും ഉപദേശവുമായി മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി അണികള്‍. ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ നക്ഷത്രങ്ങള്‍ നിറയട്ടെ എന്ന കുറിപ്പിന് കീഴെ രൂക്ഷമായി പ്രതികരിച്ചവരും ഇതരമതസ്ഥരുടെ ആഘോഷത്തില്‍ പങ്കുചേരുന്നത് ഇസ്ലാമിന് നിരക്കാത്തതാണെന്ന് ഉപദേശിക്കുന്നവരുമുണ്ട്.
മറ്റു മതസ്ഥരുടെ വിശ്വാസത്തില്‍ പങ്കുചേരുന്നത് സ്വന്തം മതത്തോടും വിശ്വാസത്തോടും കാണിക്കുന്ന വഞ്ചനയാണെന്നാണ് തങ്ങളുടെ പോസ്റ്റില്‍ ഒരാളുടെ പ്രതികരണം. പടച്ചവനു കുഞ്ഞുപിറന്നു എന്നു പറഞ്ഞു മറ്റു മതക്കാര്‍ ആഘോഷിക്കുമ്പോള്‍, അതില്‍ പങ്കുകൊള്ളാനോ ആശംസയര്‍പ്പിക്കാനോ യഥാര്‍ത്ഥ മുസ്ലിമിന് സാധ്യമല്ലെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. മതസൗഹാര്‍ദ്ദം, പരസ്പര ഐക്യത്തിലും കാരുണ്യത്തിലുമാണ് വേണ്ടതെന്നും മതാഘോഷങ്ങളിലും ആരാധനകളിലും അല്ലെന്നും ഇയാള്‍ ഉപദേശിക്കുന്നുണ്ട്.
ഒരുവിഭാഗം മുസ്ലീം വിശ്വാസികള്‍ മുനവ്വറലിക്കെതിരെ രംഗത്തെത്തിയപ്പോള്‍ ചെറിയൊരുവിഭാഗം അദ്ദേഹത്തെ പിന്തുണച്ചും എത്തി. ജമാഅത്തെ ഇസ്ലാമിയുമായുള്ള ലീഗിന്റെ കൂട്ടുകെട്ടാണ് ഇതിന് കാരണമെന്നും ഒരു ആശംസാ പോസ്റ്റ് ഇടാന്‍ പോലും ലീഗ് നേതാക്കള്‍ക്ക് അവകാശമില്ലാതായെന്നും അവര്‍ പറയുന്നു.
കാസയുടെ നേതൃത്വത്തില്‍ ഒരുസംഘം മുസ്ലീം വിദ്വേഷത്തിന് ശ്രമിച്ചുകൊണ്ടിരിക്കെ ഈ രീതിയില്‍ ആശംസാ കുറിപ്പിനുപോലും അസഹിഷ്ണുത പ്രകടിപ്പിക്കുമ്പോള്‍ കേരളത്തില്‍ മതപരമായ ചേരിതിരിവിനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി വോട്ടുനേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കും ഇപ്പോഴത്തെ വര്‍ഗീയ ചേരിതിരിവില്‍ പങ്കുണ്ട്.