
പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചിട്ട് 50 വർഷങ്ങൾ തികയുന്ന ഘട്ടത്തിൽ 2025-26 സുവർണ്ണ ജൂബിലി വർഷമായി ആചരിക്കും. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളിലൂടെ പട്ടികവർഗ വികസനം സംബന്ധിച്ചു പുതിയ ദിശാബോധവും സമഗ്ര ഉന്നമനവും ലക്ഷ്യമിടുന്നു.
വകുപ്പിന്റെ ഇതുവരെയുള്ള പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തുക, അരനൂറ്റാണ്ടിലെ മാറ്റങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുക, ഈ മേഖലയിലെ വിദ്യാസമ്പന്നരെയും പ്രതിഭകളെയും വിദഗ്ധരെയും ഗവേഷകരെയും ആദരിക്കുക, കേരളത്തിലെ ഗോത്രമേഖലയിലെ വികസന നേട്ടങ്ങളും നാഴികകല്ലുകളും സാംസ്‌കാരിക ചിഹ്നങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തുക, രാജ്യത്തിനകത്തും പുറത്തുമുള്ള വികസന കാഴ്ചപ്പാടുകളും ആശയങ്ങളും മാതൃകകളും പങ്കുവയ്ക്കുക, പുതിയ കാലത്തിന് അനുയോജ്യമായ നയങ്ങളും പരിപാടികളും സന്നിവേശിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സുവർണ ജൂബിലീയുടെ ഭാഗമായി സാധ്യമാക്കും.
ഓഗസ്റ്റ് 9ന് തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനത്തിൽ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്ക് നടക്കുന്ന സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിക്കും.
ഓഗസ്റ്റ് 9ന് രാവിലെ 10 മണി മുതൽ നിശാഗന്ധി വേദിക്ക് സമീപം ആദിവാസി മേഖലയുമായി ബന്ധപ്പെട്ട ഏജൻസികളുടെ പ്രദർശന/വിപണന സ്റ്റാളുകൾ സജ്ജീകരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് തദ്ദേശ ജനതയുടെ പൈതൃകം വിളിച്ചോതുന്ന വർണശബളമായ ഘോഷയാത്ര യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തിൽ നിന്ന് ആരംഭിക്കും.
വൈകിട്ട് 4 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി സ്മാർട്ട് പഠനമുറി എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം, ദുരന്ത നിവാരണ പദ്ധതി മാർഗരേഖ പ്രകാശനം, പട്ടികവർഗ സമൂഹത്തിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ എന്നിവ നടക്കും. ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് ഓഫർ ലെറ്റർ കൈമാറൽ, 100% വിജയം കൈവരിച്ച മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കുള്ള ട്രോഫി വിതരണം, THRIVE പ്രോജക്ട് മാഗസിൻ പ്രകാശനവും അവാർഡ് ദാനവും, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം എന്നിവയും നടക്കും. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം 'ജോഡിമര' എന്ന പേരിൽ ഗോത്ര സമൂഹങ്ങളുടെ തനത് കലാ പരിപാടികളും, വയനാട്ടിലെ നാടൻ കലാസംഘം അവതരിപ്പിക്കുന്ന 'തുടിത്താളം' എന്ന ഗോത്ര തനിമയാർന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറും.
മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ.എ. റഹീം, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, വി. ജോയ്, വി. ശശി, ആന്റണി രാജു, ഡി.കെ. മുരളി, ജി. സ്റ്റീഫൻ, ഒ.എസ്. അംബിക, കെ. ആൻസലൻ, ഐ.ബി. സതീഷ്, എം. വിൻസെന്റ്, സി.കെ. ഹരീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗങ്ങളായ ബി വിദ്യാധരൻ കാണി, പൊൻമാറ സതീഷ്, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ രേണു രാജ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ധർമ്മലശ്രീ, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ അരുൺ ജെ. ഒ., കിർടാഡ്‌സ് ഡയറക്ടർ ബിന്ദു എസ്, ജില്ലാ കളക്ടർ അനുകുമാരി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.