കണ്ണൂര്‍: സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയാവുകയാണ്. കണ്ണൂര്‍ വളക്കൈയില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍പ്പെട്ട് ചിന്മയ വിദ്യാലയത്തിലെ നേദ്യ എസ് രാജേഷ് മരിച്ചത് എല്ലാ രക്ഷിതാക്കളേയും ആശങ്കയിലാക്കുന്നു. സ്‌കൂള്‍ അധികൃതരേയും ഡ്രൈവറേയും വിശ്വസിച്ച് കുട്ടികളെ വിശ്വസിച്ച് വാഹനത്തില്‍ കയറ്റിവിടുന്നത് എങ്ങനെയെന്നാണ് രക്ഷിതാക്കള്‍ ചോദിക്കുന്നത്.
അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് പ്രധാന കുറ്റക്കാര്‍. വാഹനങ്ങളുടെ ഫിറ്റ്‌നസ് യഥാസമയം പുതുക്കുന്നതിലും ഡ്രൈവര്‍മാരേയും ആയമാരേയും നിയമിക്കുന്നതിലുമെല്ലാം സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച സംഭവിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്.
സ്‌കൂള്‍ വാഹനത്തില്‍ കയറ്റിയാല്‍ കുട്ടികളുടെ പൂര്‍ണ ഉത്തരവാദിത്തം സ്‌കൂള്‍ അധികൃതര്‍ക്കാണ്. എന്നാല്‍, അരക്ഷിതമായ സാഹചര്യങ്ങളിലേക്കാണ് കുട്ടികളെ അയക്കുന്നത് എന്നാതാണ് യാഥാര്‍ത്ഥ്യം. സ്‌കൂള്‍ ബസ്സിറങ്ങുന്ന കുട്ടികള്‍ അതേ ബസ്സിടിച്ച് മരിക്കുന്ന സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍, ഇത്തരം അശ്രദ്ധ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ പൂര്‍ണ പരാജയമാണ്.
ഡ്രൈവര്‍മാരെ നിയമിക്കുന്നത് മുന്‍പ് ഇവരുടെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കാറില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവരും പകരക്കാരായി എത്തുന്നവരുമെല്ലാം അപകടത്തിന് കാരണക്കാരാണ്. ഡ്രൈവര്‍മാര്‍ക്ക് തുച്ഛമായ ശമ്പളം മാത്രം നല്‍കുന്നതിനാല്‍ വാഹനമോടിക്കുന്ന ആരേയും സ്‌കൂള്‍ ബസ്സില്‍ ജീവനക്കാരാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഉത്തരവാദിത്തമുള്ള ആയമാരെ നിയമിക്കുന്ന കാര്യത്തിലും സ്‌കൂള്‍ അധികൃതര്‍ പരാജയപ്പെടുന്നു. ആയമാരുടെ ശ്രദ്ധക്കുറവുകൊണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായ സംഭവങ്ങളും ഏറെയാണ്.
സ്‌കൂള്‍ ബസ്സുകളിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ മോട്ടോര്‍വാഹനവകുപ്പും വലിയ വീഴ്ചവരുത്തുന്നു. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങള്‍ റോഡിലൂടെ തലങ്ങും വിലങ്ങുമോടുകയാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടന്‍ ഫിറ്റ്‌നസില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരും. ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും കനത്ത പിഴ ചുമത്താനും നടപടിയെടുക്കാനും ആര്‍ടിഒ മടിക്കുന്നത് അപകടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് തുല്യമാണ്.
സ്‌കൂള്‍ ബസ്സുകളില്‍ കുട്ടികള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം. വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര നിരോധിക്കണം. വാഹനങ്ങള്‍ നിരന്തരം പരിശോധിക്കുകയും ഫിറ്റ്‌നസ് ഉറപ്പുവരുത്തുകയും വേണം. ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ച് പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ മാത്രം നിയമിക്കുക. ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും സുരക്ഷാ പരിശീലനം നല്‍കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പരിഗണിക്കണം.
സ്‌കൂള്‍ ബസ്സുകളുടെ കാര്യത്തില്‍ സമൂലമായ മാറ്റം വേണമെന്നാണ് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി നിര്‍ദ്ദേശിക്കുന്നത്. അടിക്കടിയുണ്ടാകുന്ന സ്‌കൂള്‍ ബസ്സപകടം വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരല്ലെന്ന കാര്യം അടിവരയിടുന്നു. അമിതവേഗതയും, മദ്യപാനവും, അശ്രദ്ധയുമെല്ലാം പിഞ്ചുകുട്ടികളുടെ ജീവനെടുക്കുമ്പോള്‍ ഒരു കുടുംബത്തെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഓര്‍മവേണം.