
കണ്ണവം :കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ 13 കാരൻ മിഥുൻ മനുവിന്റെ ദാരുണ ദുരന്തത്തിൽ ഞെട്ടി വിറച്ചിരിക്കുകയാണ് കേരള മൊട്ടാകെ ഇപ്പോൾ. കേരളത്തിലെ പല സർക്കാർ വിദ്യാലയങ്ങളും മുണ്ടേരി ഹയർസെക്കൻഡറി സ്കൂളിനെ പോലെ ഹൈടെക് വിദ്യാലയങ്ങളായി മാറ്റി വിദ്യാഭ്യാസ മേഖലയുടെ മുഖം മാറ്റാൻ സർക്കാർ ശ്രമിക്കുന്ന കാലഘട്ടത്തിൽ തന്നെയാണ് ഈ എയ്ഡഡ് മാനേജ്മെന്റ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അവർക്ക് അവകാശപ്പെട്ട മിനിമം അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിട്ടില്ല എന്ന ക്രൂരമായ വാർത്ത കേരള സമൂഹം ശ്രവിക്കുന്നത്.
പൊട്ടിപ്പൊളിഞ്ഞ ഡസ്കും ബെഞ്ചും മരത്തട്ടി കൊണ്ട് വേർതിരിച്ചിരിക്കുന്ന ക്ലാസ് റൂമുകൾ, എന്നോ അപ്രസക്തമായ ബ്ലാക്ക് ബോർഡുകൾ, ഗ്രില്ല് പോലും ഇല്ലാതെ പകുതിവരെ കെട്ടി നിർത്തിയിരിക്കുന്ന ഭിത്തി, ഇലക്ട്രിക് ലൈൻ പോകുന്ന മേൽക്കൂരയിലേക്ക് കുട്ടികൾക്ക് അനായാസം കയറിപ്പറ്റാൻ വരുന്ന രൂപത്തിലുള്ള കെട്ടിട നിർമ്മാണം. ഈ കാലഘട്ടത്തിലും ഇത്തരം ഒരു വിദ്യാലയം നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നു എന്നത് അതീവ ലജ്ജാകരം തന്നെയാണ്.
ഈ വാർത്തകൾ കേരള സമൂഹം ചർച്ച ചെയ്യുന്ന ഈ സമയത്താണ് 56 വർഷം മുമ്പ് കണ്ണൂരിലെ നടുക്കിയ ഒരു സ്കൂൾ ദുരന്തത്തിന്റെ ഓർമ്മകൾ കടന്നുവരുന്നത്. കണ്ണവം ആദിവാസി മേഖല ഉൾപ്പെടുന്ന പ്രദേശത്തെ പ്രധാന പഠനകേന്ദ്രം ആയിരുന്ന കണ്ണവം യുപി സ്കൂളിൽ ആയിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ആ വർഷമാണ് വിദ്യാലയം ഓല ഷെഡിൽ നിന്നും ഓടു പാകിയ രൂപത്തിലേക്ക് മാറിയത്. കുട്ടികൾ സന്തോഷപൂർവ്വം അവിടെ പഠിച്ചുകൊണ്ടിരിക്കെ 1969 ജൂലൈ 22ന് വൈകുന്നേരം മൂന്ന് മണിക്ക് ഉണ്ടായ പേമാരിയിലും ചുഴലിക്കാറ്റിലും പെട്ട് പുതിയ സ്കൂൾ കെട്ടിടം തകർന്നു വീണപ്പോൾ 14 കുരുന്നു ജീവനുകൾ ആണ് പൊലിഞ്ഞത്.
മഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റ് ഭീകര താണ്ഡവമാടി എല്ലാം തകർത്തെറിയുകയായിരുന്നു. പുതുതായി നിർമ്മിച്ച നാല് ക്ലാസ് റൂം അടങ്ങിയ കെട്ടിടം പൂർണമായും നിലം പൊത്തി. ചെങ്കല്ലും മൺകട്ടയും മരത്തടികളും ഓടും അടങ്ങിയ കൂമ്പാരത്തിനിടയിൽ പെട്ട നിസ്സഹായരായ കുഞ്ഞുങ്ങളുടെ നിലവിളി. ഒരു നാടിന്റെ ദുരന്തമായി മാറി. മുഴുവൻ കുട്ടികൾക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ചിലർ ഇന്നും അതിന്റെ വേദനകൾ ഏറ്റുവാങ്ങി ജീവിക്കുന്നവരാണ്. കേരളത്തിലെ വിദ്യാലയങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ ഏറ്റവും ദയനീയമായ ഒന്നായി കണ്ണവം ദുരന്തം എന്നും ഓർമിക്കപ്പെടും.