
സൂര്യന്റെ പ്രകാശത്തിന്റ തീവ്രത നിയന്ത്രിക്കാൻ മനുഷ്യന് സാധിച്ചിരുന്നെങ്കിൽ എന്ന് ഏപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? അത്തരമൊരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണോ യു.കെ. ദി ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്തിരിക്കുന്ന പ്രകാരം ഭൂമിയിലേക്കെത്തുന്ന സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കാനുള്ള പരീക്ഷണത്തിന് യു കെ ഭരണകൂടം ഉടനെ അനുമതി നൽകിയേക്കും.
567 കോടി രൂപയുടെ (50 ദശലക്ഷം പൗണ്ട്) സർക്കാർ ധനസഹായത്തോടെയുള്ള പദ്ധതിയാണിത്. ഇതിനായി സൂര്യപ്രകാശത്തിന്റെ തീവ്രത കുറയ്ക്കുന്നതിന്റെ സാധ്യത വിലയിരുത്തുന്നതിനായി നിരവധി ചെറിയ പരീക്ഷണങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്. പരീക്ഷണത്തിന് എതിരേ വിമർശനങ്ങളും ഉയരുന്നുണ്ട്.
അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ഇൻവെൻഷൻ ഏജൻസി (Aria) പിന്തുണയ്ക്കുന്ന സോളാർ ജിയോ എഞ്ചിനീയറിംഗ് പദ്ധതി പ്രകാരമാണ് പരീക്ഷണങ്ങൾ നടത്തുന്നത്. വിമർശനങ്ങൾക്ക് മറുപടിയായി പരീക്ഷണങ്ങൾ മൂലമുണ്ടാകുന്ന മാറ്റങ്ങളെ പറ്റിയും പൂർവസ്ഥിതിയിലാക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ചും കൃത്യമായ വ്യവസ്ഥകളുണ്ടെന്ന് Aria-യുടെ പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ മാർക്ക് സൈംസ് വിമർശകർക്ക് മറുപടിയായി പറഞ്ഞു.
സ്ട്രാറ്റോസ്ഫിയറിൽ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനായി ചെറുകണികകൾ പുറത്തുവിടുന്നതാണ് ഒരു പരീക്ഷണം. ഇത്തരം പരീക്ഷണങ്ങളിലൂടെ ആഗോള കാർബൺ പുറന്തള്ളലിൽ കുറവു വരുത്താൻ കൂടുതൽ സമയം നൽകാനും ഇതുമൂലം സാധ്യമായേക്കും.