+

കൊടുവള്ളി സ്വദേശി അനൂസ് റോഷനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതം ; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് കൊടുവള്ളി സ്വദേശി അനൂസ് റോഷനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതം. യുവാവിനെ മൈസൂര്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയതായാണ് സൂചന. യുവാവിനെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം കര്‍ണാടകയിലേക്ക് തിരിച്ചതായും വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കിയ കൊണ്ടോട്ടി സ്വദേശികളായ റംഷിദ് മന്‍സിലില്‍ മുഹമ്മദ് റിസ്വാന്‍(22), ചിപ്പിലിക്കുന്ന് കളത്തിങ്കല്‍ അനസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കിഴക്കോത്ത് പരപ്പാറ സ്വദേശി കല്ലില്‍ മുഹമ്മദ് ഷാഫിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതികള്‍ക്കായി പൊലീസ് നേരത്തേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് 21കാരനായ അനൂസ് റോഷനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയത്. രണ്ട് വാഹനങ്ങളില്‍ എത്തിയവരാണ് അനൂസിനെ തട്ടിക്കൊണ്ടുപോയതെന്ന് അമ്മ ജമീല പറഞ്ഞിരുന്നു. പ്രതികള്‍ മുഖംമൂടി ധരിച്ചിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല പറഞ്ഞിരുന്നു. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. ഇയാളുമായുള്ള സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് അനൂസിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.

facebook twitter