കണ്ണപ്പ ;രണ്ടാം ടീസർ റിലീസ് ചെയ്തു

07:56 PM Mar 02, 2025 | Kavya Ramachandran

 കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ടീസർ റിലീസ് ചെയ്തു. ആക്ഷനുകളാൽ സമ്പന്നമായ ടീസറിൽ തിളങ്ങിയത് മോഹൻലാലും പ്രഭാസും അക്ഷയ് കുമാറും ആണ്. ചിത്രത്തിൽ പാർവതിയായി കാജൽ അ​ഗർവാളാണ് വേഷമിട്ടിരിക്കുന്നത്. പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പയിൽ വിഷ്ണു മഞ്ചുവാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

മുകേഷ് കുമാർ സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ണപ്പയുടെ ആദ്യ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.   

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍. മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.


അതേസമയം, എമ്പുരാന്‍ ആണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാര്‍ച്ച്സ 27ന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജ് ആണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തരുണ്‍ മൂര്‍ത്തിയുടെ തുടരും എന്ന ചിത്രവും റിലീസിന് ഒരുങ്ങുന്നുണ്ട്.