തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വീണ്ടും പാട്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഇടത് സംഘടനയുടെ സുവർണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ഗാനം തയ്യാറാക്കിയത്. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരൻ പൂവത്തൂർ ചിത്രസേനൻ രചിച്ച ഗാനത്തിന് നിയമവകുപ്പിലെ അസിസ്റ്റൻ്റ് സെക്രട്ടറി വിമലാണ് സംഗീതം നൽകിയത്.
'കാവലാള്‍' എന്ന തലക്കെട്ടിലാണ് വാഴ്ത്തുപാട്ടെഴുതിയിരിക്കുന്നത്. 'ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍' എന്ന വരിയോടെയാണ് പാട്ട് തുടങ്ങുന്നത്. പാട്ടിൽ ഫിനിക്സ് പക്ഷിയായാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.
പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ...
കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ
ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ
ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’
എന്നിങ്ങനെ പോകുന്നു വരികൾ...
കാരണഭൂതനെന്ന വിവാദ തിരുവാതിരയ്ക്ക് ശേഷമാണ് വീണ്ടും മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള ഗാനം എത്തുന്നത്. മെഗാതിരുവാതിരയിലെ പിണറായി സ്തുതിയും വലിയ ചര്‍ച്ചയായിരുന്നു. ‘‘പിണറായി ഭരണം കരുത്തുറ്റ ഭരണമായി ഭൂലോകമെമ്പാടും കേളി കൊട്ടി,മാലോകരെല്ലാരും വാഴ്‌ത്തിപ്പാടി. ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയനെന്ന സഖാവിന് നൂറുകോടി അഭിവാദ്യങ്ങൾ. ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ എതിരാളികൾ കൂട്ടത്തോടെ പീഡിപ്പിച്ച സമയത്തെല്ലാം അടിപതറാതെ പോരാടിയ ധീര സഖാവാണ്’’ എന്നായിരുന്നു തിരുവാതിരയിലെ വരികള്‍.