തിരുവനന്തപുരം: ധനുവച്ചപുരത്തെ സെലീനാമ്മയുടെ മരണത്തിൽ ദുരൂഹത. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സെലീനാമ്മയുടെ കല്ലറ പൊളിച്ചു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പള്ളിയുടെ സമീപത്ത് പോസ്റ്റ്‌മോർട്ടം നടത്താനായി താൽക്കാലിക സംവിധാനം ഒരുക്കിയിരുന്നു. ഫോറൻസിക് സംഘം അടക്കം നേരത്തെ പള്ളിയിൽ എത്തിയിരുന്നു.
11 മണിയോടെയാണ് കല്ലറ പൊളിച്ചത്. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയിൽ എത്തിയിരുന്നു. മണിവിള പള്ളിയിലാണ് സെലീനാമ്മയുടെ സംസ്കാരം നടന്നത്.
ജനുവരി 17നാണ് സെലീനാമ്മയെ ധനുവച്ചപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു. ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് മകൻ രാജു പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.