കണ്ണൂർ സി.പി.എമ്മിലെ സീനിയർ നേതാക്കൾ വ്രണിത ഹൃദയർ ; കെ.കെ രാഗേഷ് നേരിടേണ്ടിവരുന്നത് വൻ വെല്ലുവിളി, പാർട്ടിയെ ഒറ്റക്കെട്ടായി നയിക്കാൻ പണിയേറെയുണ്ട്

01:59 PM Apr 18, 2025 | Neha Nair

കണ്ണൂർ : പാർട്ടിയിലെ സീനിയോറിറ്റി മറികടന്ന് മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരം കണ്ണൂരിൽ കെ.കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയാക്കിയതിൽ മുതിർന്ന നേതാക്കളിൽ അതൃപ്തി പടരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ചാണ് പലരും പാർട്ടി വേദികളിൽപ്പോലും പ്രതിഷേധിക്കാത്തത്. എന്നാൽ പിണറായിയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധമുള്ള ഒരു ഡസനോളം നേതാക്കൾ പാർട്ടിയിലുണ്ട്.

ഇവരുടെ നിശബ്ദത വരാനിരിക്കുന്ന നാളുകളിൽ പ്രതിഷേധമായി പുകഞ്ഞേക്കാം.. കെ. കെ. രാഗേഷ് എസ്.എഫ്.ഐയിലേക്ക് വരും മുൻപെ സി.പി.എം. ജില്ലാ കമ്മിറ്റിയിൽ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നവരാണ് പല നേതാക്കളും. ഡി.വൈ.എഫ്.ഐ കാലത്തും പാർട്ടി പ്രവർത്തന കാലത്തും പൊലിസിൻ്റെ മർദ്ദനമേൽക്കുകയും സമര പോരാട്ടങ്ങളുടെ ജയിലിൽ കിടക്കേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ട്. രാഷ്ട്രീയ എതിരാളികളുടെ കടന്നാക്രമണത്തിന് ഇരയായവരുമുണ്ട്. എന്നാൽ താഴെ തട്ടിൽ രാഷ്ട്രീയ പ്രവർത്തനം. നടത്താതെ എസ്.എഫ്.ഐ ദേശീയ നേതൃത്വത്തിൽ പ്രവർത്തിക്കുകയും രാജ്യസഭാ എം.പിയായും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മാറുകയും ചെയ്ത കെ.കെ.രാഗേഷിനെ മുകളിൽ നിന്നും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെട്ടിയിറക്കിയതാണ് പലരിലും അതൃപ്തി സൃഷ്ടിക്കുന്നത്.

തളിപ്പറമ്പ് ജില്ലാ സമ്മേളനത്തിന് ശേഷം നിലവിലുള്ള ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പോകുമെന്ന് പലർക്കും നേരത്തെ അറിയാമായിരുന്നു. കെ.കെ രാഗേഷിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കുന്നതിനെതിരെ പാർട്ടിയിൽ അന്നേ മുറുമുറുപ്പുണ്ടായിരുന്നുവെങ്കിലും മുഖ്യമന്ത്രി തന്നെ നേരിട്ട് വന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതോടെ പലർക്കും മൗനം പാലിക്കേണ്ടിവന്നു. 

കെ. കെ. രാഗേഷിന് പകരം എം. പ്രകാശനോ ടി.വി രാജേഷോ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരട്ടെയെന്നതായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ താൽപര്യം. എന്നാൽ ഇതു നടന്നില്ലെന്ന് മാത്രമല്ല പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിലേക്ക് എം.വി ഗോവിന്ദൻ്റെ ഭാര്യ പി.കെ ശ്യാമളയെ ഉൾപ്പെടുത്തുകയും ചെയ്തില്ല. മുതിർന്ന നേതാക്കളായ എം.സുരേന്ദ്രൻ എൻ ചന്ദ്രൻ കാരായി രാജൻ, ടി.കെ ഗോവിന്ദൻ, പി.വി ഗോപിനാഥ് തുടങ്ങി ഒട്ടേറെപ്പേരുണ്ടായിരുന്നുവെങ്കിലും ഇവരൊക്കെ തന്നെ പാർശ്വവത്കരിക്കപ്പെടുകയായിരുന്നു.വെറും അഞ്ച് മിനുട്ടു കൊണ്ടാണ് ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്ന സ്ഥാനം ഒഴിഞ്ഞ സെക്രട്ടറി എം.വി ജയരാജൻ്റെ വാക്കുകളിൽ തന്നെ തീരുമാനം ഏകപക്ഷീയമായിരുന്നുവെന്ന് വ്യക്തമാണ്. 

പുതിയ ജില്ലാ സെക്രട്ടറിയെ കുറിച്ചു ഒരു വാക്ക് പോലും അഭിപ്രായം പറയാനാവാതെ വ്രണിത ഹൃദയരായ രാണ് മിക്ക നേതാക്കളും മടങ്ങിയത്. കണ്ണൂരിലെ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും കെ.കെ. ശൈലജയ്ക്കൊന്നും. പുതിയ ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുന്ന കാര്യത്തിൽ റോളുണ്ടായിരുന്നില്ല. വരും നാളുകളിൽ പാർട്ടിക്കുള്ളിലെ പ്രതിഷേധത്തിൻ്റെ കാർമേഘങ്ങൾ മഴയായി പെയ്താൽ ഒറ്റയ്ക്ക് നനയേണ്ടി വരിക കെ. കെ. രാഗേഷ് മാത്രമായിരിക്കും. മുതിർന്ന നേതാക്കളെ എത്രമാത്രം അനുനയിച്ചു കൊണ്ടു മുൻപോട്ടു കൊണ്ടുപോവാൻ കഴിയുമെന്നതാണ് രാഗേഷിൻ്റെ മുൻപിലെ വെല്ലുവിളി.