ഡൽഹി: ചെയ്യുന്ന ജോലിക്ക് കൃത്യമായ ശമ്പളം നൽകാത്ത നിരവധി കമ്പനികൾ നമുക്ക് ചുറ്റിലുമുണ്ട്. പല സ്വകാര്യസ്ഥാപനങ്ങളും വലിയ തോതിലാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. അത്തരത്തിലുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ് . ദില്ലിയിൽ നിന്നുള്ള ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന യുവാവാണ് തന്റെ അനുഭവം ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്തിരിക്കുന്നത്.
മാസങ്ങളായി തനിക്ക് ശമ്പളം കിട്ടുന്നില്ല എന്നാണ് വൈറലായിരിക്കുന്ന ഈ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അദ്ദേഹം പറയുന്നത്. വിഎംഎസ് പ്രൈവറ്റ് ലിമിറ്റഡിലാണ് യുവാവ് ജോലി ചെയ്യുന്നത് എന്നാണ് പോസ്റ്റിൽ നിന്നും മനസിലാവുന്നത്. ഇവിടെ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു താൻ എന്ന് ലക്കി സിദ്ദിഖി എന്ന യുവാവ് തന്റെ പോസ്റ്റിൽ പറയുന്നു. താൻ കൃത്യമായി ജോലി ചെയ്തിട്ടുണ്ട് എന്നും അവരുടെ പ്രതീക്ഷകൾക്കൊത്ത് ജോലി ചെയ്തിട്ടുണ്ട് എന്നുമാണ് യുവാവ് പറയുന്നത്. എന്നാൽ, നാല് മാസമായി തന്റെ ശമ്പളം കമ്പനി തടഞ്ഞുവച്ചിരിക്കുകയാണ് എന്നും യുവാവ് പറയുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ പല തവണ താൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല എന്നും യുവാവ് പറയുന്നു. തന്റെ ബോസുമാരിൽ ഒരാൾക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും യുവാവ് പങ്കുവച്ചിട്ടുണ്ട്. അതിൽ യുവാവ് പലതവണ മെസ്സേജ് അയച്ചിരിക്കുന്നതും വിളിച്ചിരിക്കുന്നതും കാണാം.
ഇനി താനെന്താണ് ചെയ്യേണ്ടത് എന്നാണ് യുവാവ് ചോദിക്കുന്നത്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് മറുപടി നൽകിയിരിക്കുന്നത്. മിക്കവരും എങ്ങനെ ഇക്കാര്യത്തിൽ നിയമപരമായി നീങ്ങാം എന്നതിനെ കുറിച്ചാണ് പറഞ്ഞത്. വാട്ട്സാപ്പ് ചാറ്റ് തെളിവായി സ്വീകരിക്കില്ലെന്നും കൃത്യമായി കാര്യങ്ങൾ പറഞ്ഞുകൊണ്ട് എച്ച് ആറിന് മെയിൽ അയക്കണമെന്നും പിന്നീട്, ഈ മെയിലുകളടക്കം ഉൾപ്പെടുത്തി പരാതി നൽകണം എന്നുമാണ് മിക്കവരും പറഞ്ഞത്.