യാംബു: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കൊടും ശൈത്യം . രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച തുറൈഫ് ഗവർണറേറ്റിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് നാല് ഡിഗ്രി സെൽഷ്യസിൽ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശൈത്യകാലത്തിന്റെ ആരംഭത്തിൽതന്നെ കഠിനമായ തണുപ്പാണ് ചിലയിടങ്ങളിൽ അനുഭവപ്പെടുന്നത്.
മൈനസ് നാല് ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഖുറയ്യാത്ത്, റഫ്ഹ ഗവർണറേറ്റുകളിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഏറ്റവും തണുപ്പുള്ള സൗദിയിലെ രണ്ടാമത്തെ പ്രദേശങ്ങളാണിവ. അറാർ, ഹാഇൽ, സകാക്ക തുടങ്ങിയ നഗരങ്ങളിലും കഴിഞ്ഞ ദിവസം താപനില പൂജ്യം ലെവലിൽ ആയതായി റിപ്പോർട്ടുണ്ട്.
വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങൾക്ക് പുറമെ തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, വടക്കൻ കിഴക്കൻ മേഖലകൾ എന്നിവയെ കൂടി അതിശൈത്യം ബാധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വക്താവ് ഹുസൈൻ അൽ ഖഹ്താനി വിശദീകരിച്ചു. താപനിലയിൽ പ്രകടമായ ഇടിവ് വരുമെന്നും കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിനും പൂജ്യം ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി കേന്ദ്രം വെളിപ്പെടുത്തി.
തബൂക്കിന്റെ ഉയർന്ന പ്രദേശങ്ങളിലും മറ്റു ചിലയിടങ്ങളിലും വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചക്കുള്ള സാധ്യതയും കേന്ദ്രം പ്രവചിച്ചു. തണുത്ത കാലാവസ്ഥയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മുന്നൊരുക്കം നടത്താൻ പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും അധികൃതർ നിർദേശിച്ചു. പുറത്തിറങ്ങുമ്പോൾ ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.
പുലർകാലസമയത്ത് മൂടൽ മഞ്ഞിൽ വാഹനം ഓടിക്കുന്നവർ കൂടുതൽ സൂക്ഷ്മത പാലിക്കണം. മൂടൽമഞ്ഞിൽ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറയും. ഇത്തരം ഘട്ടങ്ങളിൽ സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ വാഹനാപകട സാധ്യത കൂടുമെന്നും അതിനാൽ ഏറെ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.