തൃശൂര്‍: അമ്മയുടെ രണ്ടാം ഭര്‍ത്താവ് ഒമ്പതു വയസ് പ്രായമുള്ളപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിറ്റണ്ട വില്ലേജ് കുണ്ടൂര്‍ വെള്ളക്കുന്ന ഉന്നതിയില്‍ കാട്ടുകുളങ്ങര വീട്ടില്‍ സജയന് (47) പോക്‌സോ കോടതി 60 വര്‍ഷം തടവും 30000 രൂപ പിഴയും വിധിച്ചു. പോക്‌സോ കേസിലെ വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് ആര്‍. മിനിയാണ് 60 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2016ല്‍ പ്രതിയൊന്നിച്ചു താമസിച്ചു വന്നിരുന്ന വാടക വീട്ടില്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കുട്ടിയെ വീട്ടില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചു വരവേ കൗണ്‍സിലിങ്ങിനിടയിലാണ് അതിജീവിത കേസിനാസ്പദമായ സംഭവങ്ങള്‍ പുറത്ത് പറയുന്നത്.
വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ ബിസ്മിത രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ. സീനത്ത് ഹാജരായി. പോക്‌സോ കോടതി ലെയ്‌സണ്‍ ഓഫീസര്‍ ഗീത പി.ആര്‍, സി.പി.ഒമാരായ സിറില്‍ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.