13 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റാരോപിതനായ തെലുങ്കു ദേശം പാർട്ടി മുൻ നേതാവ് താതിക് നാരായണ റാവു കായലിൽ ചാടി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആന്ധ്രപ്രദേശിലെ ടുണിക്ക് സമീപമുള്ള കായലിലാണ് ഇയാണ് ചാടിയത്.
ആ സമയത്ത് പൊലീസ് സ്ഥലത്ത് കൂടി കടന്നുപോയെങ്കിലും റാവുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിന്റെ ചില ഭാഗങ്ങൾ മീനുകൾ ഭക്ഷിച്ചിരുന്നു. സംഭവം ആത്മഹത്യയാണെന്ന പൊലീസിന്റെ നിഗമനം റാവുവിന്റെ കുടുംബം തള്ളി. റാവുവിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. റാവുവിന്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പാണ് 13 വയസുള്ള സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ റാവുവിനെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ടുണിയിലെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പ്രദേശവാസി റാവുവിനെ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരിസരത്ത് നിന്ന് റാവു രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും ഇയാൾ പകർത്തിയിരുന്നു.
പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബവും ദലിത് സമൂഹവും പ്രതിഷേധവുമായി രംഗത്തുവന്നു. സ്കൂൾ പ്രിൻസിപ്പലിന്റെ അശ്രദ്ധക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.
ടി.ഡി.പിയും റാവുവിനെ കൈയൊഴിഞ്ഞു. സംഭവത്തെ വിമർശിച്ച വിദ്യാഭ്യാസ മന്ത്രി നാരാ ലോകേഷ് കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. പാർട്ടിയിൽ നിന്നും റാവുവിനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിക്ക് കൗൺസലിങ് തുടരുകയാണ്.