ഷഹബാസ് കൊലക്കേസ് ; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ, കുറ്റാരോപിതരുടെ എണ്ണം 6 ആയി

09:10 AM Mar 04, 2025 | Neha Nair

കോഴിക്കോട് : താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്.

പ്രതികളെ പാര്‍പ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈല്‍ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാല്‍ ജുവനൈല്‍ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി. പ്രതികള്‍ക്ക് ഇന്ന് തന്നെ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഷഹബാസിന്‍റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.