ഷ​ഹ​ബാ​സ് കൊലക്കേസ്: കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ല , പ്രതികളുടെ പരീക്ഷ ഫലം തടയാൻ സർക്കാറിന് എന്തവകാശം ?ഹൈക്കോടതി

02:10 PM May 20, 2025 |


കൊച്ചി: താ​മ​ര​ശ്ശേ​രി​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി ഷ​ഹ​ബാ​സി​നെ മ​ർ​ദി​ച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഫലം തടഞ്ഞതിനെ വിമർശിച്ച് ഹൈകോടതി. ‘പരീക്ഷാഫലം എങ്ങനെ തടഞ്ഞുവെക്കാനാകും. പരീക്ഷാഫലം തടഞ്ഞുവെക്കാൻ സർക്കാറിന് എന്ത് അധികാരമെന്നും കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോ’യെന്നും കോടതി അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്‌ (15) മരിച്ചത്. പ്രതികളായ വിദ്യാർഥികൾ ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു പരീക്ഷ എഴുതിയത്. എളേറ്റിൽ എം.ജെ ഹൈസ്കൂൾ വിദ്യാർഥിയായ ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആറു പേരാണ് പ്രതികളായിട്ടുള്ളത്.

ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചത് നേരത്തെ വൻ വിവാദമായിരുന്നു. തുടർന്ന് പരീക്ഷ എഴുതിയെങ്കിലും ഇവരുടെ ഫലം സർക്കാർ തടഞ്ഞുവെച്ചിരുന്നു. ഈ നടപടിയാണ് ഹൈകോടതി ചോദ്യം ചെയ്തത്. കുറ്റകൃത്യം നടന്നാൽ കോടതിയിലാണ് നടപടികൾ പൂർത്തിയാകേണ്ടത്. അല്ലാതെ പരീക്ഷാഫലം തടഞ്ഞുവെക്കുന്നതിന്റെ യുക്തി എന്താണ്?. പ്രതികളായ നാലു വിദ്യാർത്ഥികളുടേയും പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു.

അത്തരമൊരു നിർദേശം ഉണ്ടായിട്ടുപോലും പരീക്ഷാഫലം സർക്കാർ തടഞ്ഞുവെച്ചത് എന്തിനാണെന്നും കോടതി ചോദിച്ചു. വിദ്യാർഥികളുടെ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ആശ്ചര്യകരമാണ്. ഫലം ഉടനടി പ്രസിദ്ധീകരിക്കണം. പ്രസിദ്ധീകരിച്ചില്ലെങ്കിൽ കുറ്റകരമായ അനാസ്ഥയെന്ന് കണക്കാക്കേണ്ടി വരും. അതിനാൽ എത്രയും വേഗം സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഹൈകോടതി ഉത്തരവിട്ടു.