ജയന്‍റെ കരിയറിലെ ഹിറ്റ് ചിത്രം; 'ശരപഞ്ജരം' റീ റിലീസിനൊരുങ്ങുന്നു

02:17 PM Feb 15, 2025 | Litty Peter

ജയനെ നായകനാക്കി ഹരിഹരന്‍ സംവിധാനം ചെയ്ത ശരപഞ്ജരം റീ റിലീസിനൊരുങ്ങുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജയന്‍റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍റെ സിനിമാ ജീവിതത്തില്‍ ആദ്യം ചെയ്ത ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നുമാണ് ചിത്രത്തിലേത്. 

ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി കെ എബ്രഹാം, നെല്ലിക്കോട് ഭാസ്‍കരന്‍, ബേബി സുമതി, പ്രിയ, കോട്ടയം ശാന്ത തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജി ദേവരാജന്‍ ആയിരുന്നു സംഗീത സംവിധാനം. ആദ്യം തിയറ്ററുകളിലെത്തിയ 1979 ല്‍ ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ ബോക്സ് ഓഫീസ് വിജയമായിരുന്നു ശരപഞ്ജരം. 4 കെ ഡോള്‍ബി അറ്റ്‍മോസ് ദൃശ്യ, ശബ്ദ നിലവാരത്തില്‍ റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തും. റീ റിലീസിനോട് അനുബന്ധിച്ച് ചിത്രത്തിന്‍റെ ടീസറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്.