ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്നതിനിടെ, ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പേരിട്ടതിലെ പ്രാധാന്യത്തെക്കുറിച്ചും പാകിസ്ഥാന്റെ നിലപാടുകളെക്കുറിച്ചും വിശദീകരിച്ച് കോൺഗ്രസ് എംപി ശശി തരൂർ രംഗത്ത്. സൗദി അറേബ്യൻ വാർത്താ ചാനലായ അൽ അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പഹൽഗാം ഭീകരാക്രമണത്തിൽ നിരപരാധികളായ സാധാരണക്കാർ അനുഭവിച്ച വേദനയും, ഈ നടപടി എന്തുകൊണ്ട് ആവശ്യമായി വന്നു എന്ന് ആളുകളെ ഓർമ്മിപ്പിക്കാനുമുള്ള വളരെ വൈകാരികമായ ഒരു പദമായിരുന്നു ഓപ്പറേഷൻ സിന്ദൂർ എന്ന് തരൂർ പറഞ്ഞു. വിവാഹിതരായ സ്ത്രീകൾ ഉപയോഗിക്കുന്ന ചിഹ്നമാണ് സിന്ദൂരം.
പഹൽഗാമിലെ ഭീകരാക്രമണത്തിനുശേഷം രാജ്യത്തിന്റെ മനസ്സിൽ പതിഞ്ഞ, ഹണിമൂണിൽ കൊല്ലപ്പെട്ട ഭർത്താവിന്റെ മൃതദേഹത്തിനരികിൽ നിരാശയോടെ മുട്ടുകുത്തി നിൽക്കുന്ന വിധവയായ വധുവിന്റെ ചിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാഹത്തിന് ദിവസങ്ങൾക്ക് ശേഷം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി നർവാളിന്റെ ഹൃദയഭേദകമായ ചിത്രത്തെയാണ് അദ്ദേഹം പരാമർശിച്ചത്.