വ്യാജ മയക്കുമരുന്ന് കേസിൽ ഷീല സണ്ണിയെ കുടുക്കിയ മുഖ്യ പ്രതി പിടിയിൽ

02:23 PM Apr 28, 2025 | Neha Nair

തൃശൂർ: ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ മുഖ്യപ്രതി ഒടുവിൽ പിടിയിലായി. തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസ് ആണ് പിടിയിലായത്. പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽനിന്നാണ് ഇയാളെ പിടികൂടിയത്.

ചാലക്കുടി നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുകയായിരുന്ന ഷീല സണ്ണിയുടെ ഇരുചക്ര വാഹനത്തിൽനിന്ന് ലഹരി സ്റ്റ‌ാമ്പ് കണ്ടെത്തിയെന്നാരോപിച്ച് 2023 ഫെബ്രുവരി 27നാണ് ഇവരെ ജയിലിലടച്ചത്. 72 ദിവസം ജയിലിൽ കഴിഞ്ഞശേഷം കേസ് വ്യാജമെന്ന് കണ്ടെത്തി.

നാരായണദാസ് എന്നയാളാണ് ഷീല സണ്ണിയെ വ്യാജ കേസിൽ കുടുക്കിയതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി തള്ളി. കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാൾ ഹാജരായിരുന്നില്ല.

കള്ളക്കേസിൽ കുടുക്കിയതിന് നഷ്ടപരിഹാരം നൽകണമെന്നും കേസിൽ എക്സൈസിനും പങ്കുണ്ടെന്നുമാണ് ഷീല ആരോപിക്കുന്നത്. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഷീല.

ഷീല സണ്ണിജയിലിൽനിന്ന് പുറത്തിറങ്ങിയെങ്കിലും ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചുപൂട്ടേണ്ടിവന്നിരുന്നു. സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാൽ അതും അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് നാടുവിട്ട ഷീല ഇപ്പോൾ ചെന്നൈയിൽ ഡേ കെയറിൽ ആയയായി ജോലി നോക്കുകയാണ്.