+

ശില്‍പയുമൊത്തുള്ള നിമിഷങ്ങള്‍ക്ക് കുഞ്ഞ് തടസമാണെന്ന് ആരോപിച്ച് വഴക്ക്, പെണ്‍സുഹൃത്തിന്റെ ഏഴുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ ശില്‍പയുടെ ആണ്‍സുഹൃത്ത് ദര്‍ശന്‍ പിടിയിലായത്

 കുമ്പളഗൗഡയില്‍ പെണ്‍സുഹൃത്തിന്റെ മകളെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. കുമ്പളഗൗഡ സ്വദേശി ദര്‍ശന്‍ ആണ് എഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായത്. പെണ്‍സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നല്‍കി.

രാമസാന്ദ്ര ഗവണ്‍മെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സിരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ ശില്‍പയുടെ ആണ്‍സുഹൃത്ത് ദര്‍ശന്‍ പിടിയിലായത്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട ദര്‍ശനെ തുംകൂരു റോഡില്‍ നിന്നാണ് കുമ്പളഗൗഡ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശില്‍പയുമൊത്തുള്ള നിമിഷങ്ങള്‍ക്ക് കുഞ്ഞ് തടസമാണെന്ന് ആരോപിച്ച് ദര്‍ശന്‍ പതിവായി വഴക്കിട്ടിരുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസവും ഇത്തരത്തില്‍ വഴക്ക് നടന്നിരുന്നു. കുഞ്ഞിനെ ഹോസ്റ്റലിലേക്ക് മാറ്റണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. പതിവുപോലെ ആവശ്യം തള്ളിയ ശില്‍പ ജോലിക്ക് പോയി. വീട്ടില്‍ തന്നെ തങ്ങിയ ദര്‍ശന്‍ സിരി, സ്‌കൂള്‍ വിട്ടുവന്നതിന് പിന്നാലെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കുഞ്ഞിന്റെ തല നിലത്തടിച്ച ഇയാള്‍ ഇതിനിടെ ശില്‍പയെ ഫോണ്‍ ചെയ്ത് കരച്ചില്‍ കേള്‍പ്പിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഓടിയെത്തിയ ശില്‍പയെ ഇയാള്‍ മറ്റൊരു മുറിയില്‍ പൂട്ടിയിട്ടു. പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വാതിലിന്റെ ചില്ല് തകര്‍ത്ത് ശില്‍പ പുറത്തെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതിന് പിന്നാലെയാണ് ദര്‍ശന്‍ പൊലീസിന്റെ പിടിയിലായത്. വിവാഹമോചിതയായ ശില്‍പ അമ്മയ്‌ക്കൊപ്പം ആയിരുന്നു താമസം. ഓഗസ്റ്റില്‍ അമ്മ മരിച്ചതിന് പിന്നാലെയാണ് ദര്‍ശന്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തി തുടങ്ങിയത്.

facebook twitter