തളിപ്പറമ്പ് : ഗവർണറുടെ ലോക്ഭവനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ദ്വൈമാസികയിൽ തളിപ്പറമ്പ് രാജരാജേശ്വരത്തിലെ വിശേഷങ്ങളും. ഗവർണർ രാജേന്ദ്ര ആർലേക്കർ കഴിഞ്ഞ ജൂലൈ 5ന് രാജരാജേശ്വര ക്ഷേത്രത്തിന് മുൻപിൽ ഉദ്ഘാടനം ചെയ്ത രാജ്യത്തെ ഏറ്റവും വലിയ വെങ്കല ശിവപ്രതിമയുടെ വിശേഷങ്ങളാണ് നവംബറിലെ രാജംഹംസത്തിൽ വിവരിച്ചിരിക്കുന്നത്.
ക്ഷേത്രങ്ങളുടെ നേതൃത്വത്തിൽ സനാതന ധർമത്തിന്റെ കേന്ദ്രങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്ന ഗവർണറുടെ ഉദ്ഘാടന പ്രസംഗവും സഹിതമാണ് പ്രതിമയുടെ വിശേഷണങ്ങളും രാജഹംസത്തിൽ നൽകിയത്. 4200 കിലോഗ്രാം തൂക്കവും 16 അടി ഉയരവുമുള്ള പ്രതിമ ഉണ്ണി കാനായി ആണ് നിർമിച്ചതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഭാര്യ അനഘ ആർലേക്കർ, ക്ഷേത്രം തന്ത്രി ഇ.പി.കുബേരൻ നമ്പൂതിരിപ്പാട്, ഉണ്ണി കാനായി, പ്രതിമ സ്പോൺസർ ചെയ്ത സിനിമ നിർമാതാവ് മൊട്ടമ്മൽ രാജൻ, ദേവസ്വം പ്രസിഡന്റ് വിനോദ് കുമാർ എന്നിവർക്കൊപ്പം ഗവർണറും പ്രതിമയുടെ മുൻപിൽ നിൽക്കുന്ന ഫോട്ടോ സഹിതമാണ് ലേഖനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസമാണ് ക്ഷേത്രം അധികൃതർക്ക് രാജഹംസത്തിന്റെ കോപ്പി രാജ്ഭവനിൽ നിന്ന് അയച്ചുകൊടുത്തത്.