ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ 3.75 കിലോ കഞ്ചാവ് പിടികൂടി

06:03 PM Jun 13, 2025 | Neha Nair

തൃശൂർ: ഷൊർണൂർ റെയിൽവെ സ്റ്റേഷനിൽ  കഞ്ചാവ് വേട്ട, ട്രെയിനിൽ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ബാഗിൽ നിന്ന് മൂന്നേമുക്കാൽ കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ ഏഴാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയ തിരുവനന്തപുരം - ശ്രീഗംഗാനഗർ എക്‌സ്പ്രസിലാണ് ബാഗ് കണ്ടത്. മുന്നിലെ കമ്പാർട്ട്‌മെന്റിന്റെ സീറ്റിനടിയിൽ കറുത്ത ബാഗിലായിരുന്നു കഞ്ചാവ്. ഉടമയ്ക്ക് വേണ്ടി അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. പരിശോധന നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട് കഞ്ചാവ് കടത്തുകാർ രക്ഷപ്പെട്ടതാകാം എന്ന് സംശയിക്കുന്നു. 

ലഹരിക്കടത്തിനെതിരേ റോഡിൽ പരിശോധന കർശനമാക്കിയപ്പോൾ ട്രെയിൻ വഴി വൻതോതിൽ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. പരിശോധനയുടെ സമയത്ത് ഉടമയ്ക്ക് രക്ഷപ്പെടാനാവുമെന്നതാണ് ട്രെയിൻ വഴിയുള്ള ഇടപാടിന്റെ പ്രത്യേകത. അടുത്ത ദിവസങ്ങളിലായി ട്രെയിനുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഷൊർണൂരിൽ ദീർഘദൂര ട്രെയിനുകൾക്ക് കൂടുതൽ നേരം സ്റ്റോപ്പുള്ളതിനാൽ കമ്പാർട്ട്‌മെന്റുകൾ കയറിയാണ് പരിശോധന നടക്കുന്നത്.

റെയിൽവെ എസ്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സി.വി. ഹരിദാസ്, ഗോകുൽദാസ്, ശ്യാം, സ്‌പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ ശശിനാരായണൻ, അനുപ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.