ഷോർട്ട് സർക്യൂട്ട്; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു; ഒഴിവായത് വലിയ അപകടം

04:09 PM Nov 06, 2025 | Kavya Ramachandran


കോതമംഗലം: കോതമംഗലം ഡിപ്പോയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡിൽ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഓടിക്കൊണ്ടരുന്ന ബസിൽ ഗിയർ മാറുന്ന സമയത്ത് കൈയിൽ ചൂടടിച്ചതിനെ തുടർന്ന് ഡ്രൈവർ നടത്തിയ പരിശോധനയിലാണ് വണ്ടിയിൽ തീ പിടിച്ചതായി മനസ്സിലാക്കിയത്. ബസ്സിൽ ഉണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഇടപെടലിൽ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീ കെടുത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്.

കെഎസ്ആർടിസി ബസ്സിൽ ഫയർഎക്സിക്യൂഷർ ഉണ്ടായിരുന്നതും
ഡൽഹി മെട്രോയിലെ ഫയർ ആൻഡ് സേഫ്റ്റിയിലെ ഉദ്യോഗസ്ഥൻ വാഹനത്തിൽ ഉണ്ടായിരുന്നതും വൻ ദുരന്തം ഒഴിവാക്കി. മറ്റൊരു വാഹനത്തിൽ യാത്ര ചെയ്ത തിരുവനന്തപുരം എയർപോർട്ടിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും വാഹനത്തിലെ തീ അണക്കുന്നതിനായി സഹായിച്ചു.

അപകട സമയം എംസി റോഡിലൂടെ കടന്നുവന്ന മറ്റു അഞ്ച് കെഎസ്ആർടിസി ബസ്സിലെ ഫയർഎക്സിക്യൂഷർ സഹായത്തിനായി എടുത്തെങ്കിലും എല്ലാം പ്രവർത്തനരഹിതമായിരുന്നു.

ഈ വാഹനത്തിൽ ഉണ്ടായിരുന്ന ഫയർഎക്സിക്യൂഷർ പ്രവർത്തിച്ചില്ലായിരുന്നു എങ്കിൽ ബസ് പൂർണമായും കത്തി നശിക്കുമായിരുന്നു എന്നും ഓടി കൂടിയ നാട്ടുകാർ പറയുന്നു. അപകട വിവരം അറിഞ്ഞ് നെടുമങ്ങാട് ഫയർഫോഴ്സിൽ നിന്നും മൂന്നു യൂണിറ്റ് വാഹനങ്ങൾ സ്ഥലത്ത് എത്തിയിരുന്നു.