സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ഇന്ത്യൻ ബാറ്റർ ശ്രേയസ് അയ്യരെ വിശദമായ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിസിസിഐ അറിയിച്ചു.
ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 33-ാം ഓവറിലാണ് അയ്യർക്ക് പരിക്കേറ്റത്. ഹർഷിത് റാണയുടെ പന്തിൽ അലക്‌സ് കാരിയുടെ ക്യാച്ചെടുത്തപ്പോഴാണ് പരിക്കേറ്റത്. തലയ്ക്ക് മുകളിലൂടെ വന്ന പന്തിന് പിന്നാലെ ഓടി ഡീപ് തേർഡ്മാന് സമീപം ഡൈവ് ചെയ്ത് ഒരു തകർപ്പൻ ക്യാച്ചാണ് അയ്യർ സ്വന്തമാക്കിയത്.
ഈ പ്രയത്‌നം ഇന്ത്യക്ക് നിർണായകമായ ഒരു വിക്കറ്റ് സമ്മാനിച്ചെങ്കിലും, അയ്യർ കടുത്ത വേദനയോടെ ഗ്രൗണ്ടിൽ കിടന്നു. തുടർന്ന് സഹതാരങ്ങളുടെയും ഫിസിയോയുടെയും സഹായത്തോടെ കളം വിട്ട അയ്യർ, പിന്നീട് ഇന്നിംഗ്സിൽ ഫീൽഡ് ചെയ്യാൻ തിരിച്ചെത്തിയില്ല. ഓസ്ട്രേലിയ 46.4 ഓവറിൽ 236 റൺസിന് പുറത്തായി. മത്സരത്തിൽ ഒമ്പത് വിക്കറ്റിന് ഇന്ത്യ വിജയിക്കുകയും ചെയ്തിരുന്നു.