ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത് ബെംഗളൂരിനെ കേന്ദ്രീകരിച്ചായിരുന്നു.
അതേസമയം ബെംഗളൂരൂ സെൻട്രൽ ലോക്സഭാ മണ്ഡലത്തിലുണ്ടായ വോട്ട് മോഷണവുമായി ബന്ധപ്പെട്ട കണക്കുകളും രാഹുൽ ഗാന്ധി പുറത്തു വിട്ടിരുന്നു. ഒരു ലക്ഷത്തിലധികം കള്ളവോട്ടാണ് മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ നടന്നിട്ടുള്ളതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഇതേ തുടർന്ന് അന്വേഷണവുമായി മുന്നോട്ട് പോകണമെന്ന ആവശ്യവും രാഹുൽഗാന്ധി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി. ഇതേ കുറിച്ച് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് നിയമസാധുത അദ്ദേഹം തേടുകയും ചെയ്തിരുന്നു.