ഇന്ത്യയിലെ ഔട്ട്‌സോഴ്‌സിംഗ് ഭീമനായ ടാറ്റ കൺസൾട്ടൻസി അവരുടെ 12,000-ത്തിലധികം ജോലികൾ വെട്ടിക്കുറയ്ക്കുന്നുവെന്ന റിപ്പോർട്ടുകൾ ഐടി മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.വ്യാപകമായ തൊഴിൽ വെട്ടിക്കുറയ്ക്കലിലൂടെ കമ്പനിയിലെ രണ്ട് ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടാനാണ് നീക്കം. ഏകദേശം 12,200 മിഡിൽ, സീനിയർ മാനേജ്‌മെന്റ് ജോലികൾ നീക്കപ്പെടും.
നിർമിത ബുദ്ധിയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം മനുഷ്യശേഷി വിഭവ ബാധ്യത ചുരുങ്ങുകയാണ് ചെയ്യുന്നത്. അടിസ്ഥാന കോഡിംഗ് മുതൽ മാനുവൽ ടെസ്റ്റിംഗ്, ഉപഭോക്തൃ പിന്തുണ തുടങ്ങി വിവിധ മേഖലകളിൽ മനുഷാദ്ധ്വാനത്തിന് പകരമായി എഐ ഉപയോഗപ്പെടുത്തുകയാണ്.
റിപ്പോർട്ടുകൾ പരിശോധിച്ചാൽ ടിസിഎസിന് പിന്നാലെ മറ്റ് കമ്പനികളും അണിചേർന്ന് 283 ബില്യൺ ഡോളർ മൂല്യമുള്ള മേഖലയിൽ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ക്രമികമായി അഞ്ച് ലക്ഷം അവസരങ്ങൾ ഇല്ലാതാക്കുമെന്നാണ് കണക്കാക്കുന്നത്.
2025 മാർച്ച് വരെ ഐടിയും അനുബന്ധവുമായ ഈ മേഖല 5.67 ദശലക്ഷം ആളുകളെ ജോലിക്കെടുത്തിരുന്നു. ഇന്ത്യയുടെ ജിഡിപിയുടെ 7%-ത്തിലധികം വരും. എന്നാൽ ഈ മേഖലയിലെല്ലാം എ ഐ കടന്നുകയറിയിരിക്കുകയാണ്. എഐ ഉപയോഗിച്ച് ഭാവി മത്സരങ്ങളിലേക്ക് സജ്ജമാവുക എന്നാണ് കമ്പനികൾ തൊഴിൽ വെട്ടിക്കുറയ്ക്കലിനെ വിശേഷിപ്പിക്കുന്നത്.
ഏകദേശം 400,000 മുതൽ 500,000 വരെ പ്രൊഫഷണലുകളെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആവശ്യമില്ലാതാവും എന്നാണ് ടെക് മാർക്കറ്റ് ഇന്റലിജൻസ് സ്ഥാപനമായ അൺഎർത്ത്ഇൻസൈറ്റിന്റെ സ്ഥാപകൻ ഗൗരവ് വാസുവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇവരിൽ എഴുപത് ശതമാനവും നാല് മുതൽ 12 വർഷം വരെ പ്രവർത്തി പരിചയമുള്ളവരാണ്. പുതിയതായി ഈ മേഖലയിലേക്ക് എത്തുന്നവരെയും ഇത് ബാധിക്കും