ബംഗളൂരു: കലബുറഗി ജില്ലയിലെ അലന്ദ് നിയമസഭ മണ്ഡലത്തിൽ വോട്ടുകൊള്ള നടന്നെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം ശരിവെച്ച് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി). മണ്ഡലത്തിലെ വോട്ടർ പട്ടികയിൽനിന്ന് പേര് വെട്ടാൻ ആസൂത്രിത ശ്രമം നടന്നതായും ഓരോ അപേക്ഷക്കും 80 രൂപ വീതം ഡേറ്റ സെന്ററിന് ലഭിച്ചതായും എസ്.ഐ.ടി കണ്ടെത്തി.
2022 ഡിസംബർ മുതൽ 2023 ഫെബ്രുവരി വരെ വോട്ടു നീക്കാൻ 6018 അപേക്ഷകൾ നൽകി. 4.8 ലക്ഷം രൂപയാണ് ഈയിനത്തിൽ ഡേറ്റ സെന്റർ നടത്തിപ്പുകാരന് ലഭിച്ചത്. ഇതിൽ നാമമാത്രമായിരുന്നു യഥാർഥ അപേക്ഷകർ. ബാക്കി അപേക്ഷകർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. പൗൾട്രി ഫാം ജീവനക്കാരൻ മുതൽ പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ വരെ 75 മൊബൈൽ ഫോൺ നമ്പറുകൾ പേര് വെട്ടാൻ തെരഞ്ഞെടുപ്പ് കമീഷന്റെ പോർട്ടലിൽ ഉപയോഗിച്ചതായും എസ്.ഐ.ടി കണ്ടെത്തി. വ്യാജ അപേക്ഷകൾ സ്വീകരിച്ച കലബുറഗിയിലെ ഡേറ്റ സെന്റർ നടത്തിപ്പുകാരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വൻതോതിൽ കോൺഗ്രസ് വോട്ടുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. 10,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ കോൺഗ്രസിന്റെ ബി.ആർ. പാട്ടീൽ, ബി.ജെ.പിയുടെ സുഭാഷ് ഗുട്ടേദാറിനെ തോൽപിച്ചത്. രാഹുൽ ഗാന്ധിയുടെയും സ്ഥലം എം.എൽ.എ ബി.ആർ. പാട്ടീലിന്റെയും ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് എസ്.ഐ.ടിയുടെ നിലവിലെ കണ്ടെത്തലുകൾ.
2023ൽ വോട്ടുനീക്കൽ ആരോപണം ഉയർന്നപ്പോൾ ലോക്കൽ പൊലീസ് ഡേറ്റ സെന്റർ നടത്തിപ്പുകാരനായ പ്രദേശവാസി മുഹമ്മദ് അഷ്ഫാക്കിനെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ നിരപരാധിയാണെന്നും സെന്ററിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൈമാറാമെന്നും അറിയിച്ചതിനെതുടർന്ന് വിട്ടയച്ചു. ഇയാൾ പിന്നീട് വിദേശത്തേക്കു പോകുകയും ചെയ്തു. ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഐ.പി രേഖകളും എസ്.ഐ.ടി പരിശോധിച്ചപ്പോൾ സെന്ററിലെ ജീവനക്കാരായ അക്റം, ജുനൈദ്, അസ്ലം, നദീം എന്നിവരുമായി അഷ്ഫാക്ക് ഇന്റർനെറ്റ് കാളിൽ സംസാരിച്ചിരുന്നതായി വ്യക്തമായി. കൂടുതൽ പരിശോധനയിലാണ് ഓരോ അപേക്ഷക്കും 80 രൂപ വെച്ച് ലഭിച്ചിരുന്നു എന്ന വിവരം പുറത്തുവന്നത്.