സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു

07:43 PM May 03, 2025 | Kavya Ramachandran

ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. 2025 മെയ് 5 ന് ഔദ്യോഗികമായി സ്‍കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കും.

ദില്ലി: ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കൊപ്പമുള്ള വർഷങ്ങളുടെ വിശ്വസ്‍ത സേവനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടുന്നത്. ഒരുകാലത്ത് ഇന്റർനെറ്റിലെ വീഡിയോ കോളിംഗിലെ ഏറ്റവും വലിയ പേരായിരുന്ന സ്കൈപ്പ് നിലവിൽ കാലഹരണപ്പെട്ട അവസ്ഥയിലാണ് ഉള്ളത്. 2025 മെയ് 5 ന് ഔദ്യോഗികമായി സ്‍കൈപ്പ് പ്രവർത്തനം അവസാനിപ്പിക്കും. ഈ സാഹചര്യത്തിൽ, മൈക്രോസോഫ്റ്റ് സ്കൈപ്പ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന്റെ കാരണവും അടുത്തതായി എന്താണ് സംഭവിക്കാൻ പോകുന്നതെന്തെന്നും അറിയാം.

സ്കൈപ്പ് അടച്ചുപൂട്ടാനുള്ള ഏറ്റവും വലിയ കാരണം മൈക്രോസോഫ്റ്റിന്റെ പൂർണ്ണ ശ്രദ്ധ മറ്റൊരു വീഡിയോ കോളിംഗ് ആപ്പായ ടീംസിൽ കേന്ദ്രീകരിച്ചതാണ് എന്നാണ് റിപ്പോർട്ടുകൾ. ഓഫീസ്, വ്യക്തിഗത സംഭാഷണങ്ങൾക്കുള്ള ഒരു വേദിയായാണ് മൈക്രോസോഫ്റ്റ് ടീംസിനെ വിഭാവനം ചെയ്തിട്ടുള്ളത്. സ്കൈപ്പ് ഇപ്പോൾ ഈ മത്സരത്തിൽ പിന്നിലാണ്. എല്ലാവരും അവരുടെ ആശയവിനിമയവും ജോലിയും ഒരിടത്ത് തന്നെ ചെയ്യണമെന്ന് മൈക്രോസോഫ്റ്റ് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ടീംസിന് മുൻഗണന നൽകുന്നത്. അതിനാൽ, സ്കൈപ്പ് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സ്കൈപ്പ് ഷട്ട്ഡൗൺ ചെയ്യുന്നതിന് മുമ്പ് ടീംസിലേക്ക് മാറാൻ ഉപയോക്താക്കൾക്ക് മതിയായ സമയം മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. അതായത്, 2025 മെയ് 5 വരെ നിങ്ങൾക്ക് സ്കൈപ്പ് ഉപയോഗിക്കാം. എന്നാൽ അതിനുശേഷം അത് നിർത്തലാക്കും. ഈ മാറ്റത്തിൽ ഉപയോക്താക്കൾക്ക് പൂർണ്ണ പിന്തുണ ലഭിക്കുമെന്നും അതുവഴി അവർക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ ടീംസിലേക്ക് മാറാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. സ്കൈപ്പിന്റെ പണമടച്ചുള്ള സേവനങ്ങൾക്കും ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പുതിയ പെയ്ഡ് ഉപയോക്താക്കൾക്കായി സ്കൈപ്പ് ക്രെഡിറ്റ്, കോളിംഗ് പ്ലാനുകൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തി. എന്നാൽ നിങ്ങൾ ഇതിനകം തന്നെ പണമടച്ചുള്ള സ്കൈപ്പ് ഉപയോക്താവാണെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റും സബ്സ്ക്രിപ്ഷനും അടുത്ത പുതുക്കൽ തീയതി വരെ സാധുവായി നിലനിർത്താം. എങ്കിലും, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചുകഴിഞ്ഞാൽ സ്കൈപ്പും അവസാനിക്കും.