കണ്ണൂർ: മരിച്ചെന്നു കരുതിയ വയോധികൻ അത്ഭുതകരമായി ജീവിതത്തിലേക്ക്. മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി വെന്റിലേറ്ററിലേക്ക് മാറ്റിയ വയോധികന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കൂത്തുപറമ്പ് പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രനാണ് (67) കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസമാണ് പവിത്രനെ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് കൊണ്ടുപോയത്. മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ ഉണ്ടായിരുന്ന രോഗിയെയാണ് കണ്ണൂർ എകെജി ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. പ്രാദേശിക ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിൻ്റെ ഭാഗമായിട്ട് ആയിരുന്നു മോർച്ചറി അനുവദിച്ചത്. മംഗളൂരുവിൽ നിന്ന് വൈകീട്ട് പുറപ്പെട്ട ആംബുലൻസ് രാത്രിയോടെയാണ് കണ്ണൂർ ഹോസ്പിറ്റലിൽ എത്തിയത്.
അന്ന് രാത്രിയിൽ തന്നെ പവിത്രൻ മരിച്ച വിവരം മാധ്യമങ്ങൾക്ക് നൽകുകയും സംസ്കാരത്തിനുളള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ആശുപത്രി ഇലക്ട്രീഷനായ അനൂപിനും നൈറ്റ് സൂപ്പർവൈസറായ ആർ ജയനും കൈ അനങ്ങുന്നതായി തോന്നി. നാഡിമിഡിപ്പുള്ളതായി മനസ്സിലാക്കിയതോടെ ഉടൻ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖമുള്ള പവിത്രൻ കഴിഞ്ഞ കുറെ ദിവസങ്ങളായി മംഗളൂരു ഹെഗ്ഡെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു. വെൻ്റിലേറ്ററിൽ നിന്നും മാറ്റിയാൽ മരണം സംഭവിക്കുമെന്നും ആരോഗ്യനിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ കൂടിയാലോചിച്ച് വെൻ്റിലേറ്ററിൽ നിന്നും മാറ്റി നാട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്.
എകെജി ആശുപത്രിയിലെ അറ്റൻഡറുടെ ജാഗ്രതയോടെയുള്ള ഇടപെടലാണ് വയോധികന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള അവസരമൊരുക്കിയത്. ഇയാളുടെ നിരീക്ഷണത്തിൽ ജീവൻ ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഡോക്ടർമാർ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് പവിത്രനെ മാറ്റുകയായിരുന്നു.