വാഷിങ്ടൺ: ലാൻഡിങ്ങിനിടെ ചെറുവിമാനം നിർത്തിയിട്ടിരിക്കുന്ന വിമാനത്തിൽ ഇടിച്ചുകയറി വൻതീപ്പിടിത്തം. മൊണ്ടാനയിലെ കാലിസ്പെൽ വിമാനത്താവളത്തിലാണ് സംഭവം. അപകടത്തിന് പിന്നാലെ വൻതീപ്പിടിത്തമുണ്ടായെങ്കിലും ആർക്കും ഗുരുതര പരിക്കില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നാലുപേരടങ്ങുന്ന സംഘമായിരുന്നു ചെറുവിമാനത്തിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ കാലിസ്പെൽ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ ആയിരുന്നു അപകടമെന്ന് കാലിസ്പെൽ പോലീസ് മേധാവി ജോർദാൻ വെനീസിയോയും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അറിയിച്ചു.
പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാകുന്നത്. റൺവേയിൽ ഇടിച്ചുകയറിയ ശേഷം നിരവധി വിമാനങ്ങളിൽ ഇടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സമീപത്തെ പുൽമേടിലേക്കും തീ പടർന്നതായി പോലീസ് അറിയിച്ചു.