അമൃതപുരി (കൊല്ലം): അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ സ്മാർട്ട് വെഹിക്കിൾ എക്സ്പോ. നവംബർ 7, 8 തീയതികളിലായി അമൃതപുരി ക്യാമ്പസിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ റോബോട്ടിക്സ് ആന്റ് മെക്കട്രോണിക്സ് (ഐ സി ആർ എം) 2025 ന്റെ ഭാഗമായാണ് രാജ്യത്തിനകത്തും പുറത്തുമുള്ള മുൻ നിര വാഹന നിർമ്മാണ കമ്പനികൾ പങ്കെടുക്കുന്ന വെഹിക്കിൾ എക്സ്പോ സംഘടിപ്പിക്കുന്നത്.
ആഡംബര വാഹന നിർമാണ മേഖലയിലെ ഭീമന്മാരായ ഔഡി, മെഴ്‌സിഡീസ്, ഫോക്സ് വാഗൺ, ജീപ്പ്, ബി വൈ ഡി, ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര, ടാറ്റ, മാരുതി സുസൂക്കി എന്നിവരുൾപ്പെടെ പങ്കെടുക്കുന്ന സ്മാർട്ട് വെഹിക്കിൾ എക്സ്പോയിൽ വിപണിയിലെ ഏറ്റവും പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ പ്രദർശിപ്പിക്കും. വാഹനങ്ങൾക്ക് പുറമെ വിപണിയിലെ നൂതന ഇന്റലിജന്റ് മൊബിലിറ്റി സൊല്യൂഷനുകളും ഓട്ടോണമസ് വാഹന സാങ്കേതികവിദ്യകളും എക്സ്പോയിൽ പ്രദർശിപ്പിക്കും.
ഐ സി ആർ എമ്മിന്റെ ഭാഗമായി സ്മാർട്ട് വെഹിക്കിൾ എക്സ്പോയ്ക്ക് പുറമെ റോബോട്ടിക്സ്, എഐ, ഓട്ടോണമസ് സിസ്റ്റംസ് എന്നിവയിലെ അത്യാധുനിക വിഷയങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലന സെഷനുകൾ, റോബോ എക്സ്പോ എന്നിവയും അമൃതപുരി ക്യാമ്പസിൽ സംഘടിപ്പിക്കും. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിൽ റോബോട്ടിക്സ്, ഓട്ടോമേഷൻ, ഇന്റലിജന്റ് സിസ്റ്റംസ് എന്നിവയിലെ വളർന്നുവരുന്ന ട്രെന്റുകൾ, സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ എന്നിവ ചർച്ച ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർ, അക്കാദമിഷ്യൻമാർ, വിദ്യാർത്ഥികൾ, വ്യവസായ പ്രമുഖർ എന്നിവർ കോൺഫറൻസിന്റെ ഭാഗമാകും.