പോക്കോയുടെ പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ മോഡലായ സി71 ഏപ്രിൽ 4ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം അവതരിപ്പിച്ച് സി61ൻ്റെ പിൻഗാമിയായിട്ടാകും ഈ മോഡൽ എത്തുക. എൻട്രി ലെവൽ ഉപയോക്താക്കളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന പ്രധാനപ്പെട്ട ഫീച്ചറുകളുമായിട്ടാകും ഈ മോഡൽ എത്തുക.
120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.88-ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയോട് കൂടിയാണ് ഫോണിൻ്റെ രൂപകൽപ്പന.ടിയുവി ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ, സർക്കാഡിയൻ-ഫ്രണ്ട്‌ലി ഡിസ്‌പ്ലേ മോഡുകൾ പോലുള്ള കണ്ണിന് സുഖകരമായ സർട്ടിഫിക്കേഷനുകൾ ഇതിനുണ്ട്. ആൻഡ്രോയിഡ് 15ലാണ് ഫോണിൻ്റെ പ്രവർത്തനം. മെച്ചപ്പെട്ട മൾട്ടിടാസ്കിംഗിനായി ഇത് 6ജിബി ഫിസിക്കൽ റാമും മറ്റൊരു 6ജിബി വെർച്വൽ റാമുമായി ജോടിയാക്കിയിട്ടുണ്ട്.
15 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5200mAh ബാറ്ററിയാണ് ഫോണിൻ്റെ പവർ ഹൌസ്. ഒപ്റ്റിക്സിലേക്ക് വന്നാൽ, 32 എംപി മെയിൻ ക്യാമറ ഇതിലുണ്ടെന്നാണ് വിവരം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഒരു 8എംപി സെൽഫി ക്യാമറയും ഇതിലുണ്ട്. ക്യാമറയുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ഏഴ് ഫിലിം ഫിൽട്ടറുകൾ ക്യാമറ ഡിപ്പാർട്മെൻ്റിലെ ഒരു പ്രധാനപ്പെട്ട സവിശേഷതയാണ്. ഫോൺ ഫ്ലിപ്കാർട്ട് വഴിയാകും വിൽപ്പനയ്ക്കെത്തുക. അതേസമയം ഫോണിൻ്റെ വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയുമെത്തേണ്ടതുണ്ട്. 7,000 രൂപ റേഞ്ചിൽ ആകും ഫോണിൻ്റെ വില വരുകയെന്നാണ് സൂചന.