പാമ്പുകടിയേറ്റ മകനോട് കിടന്നുറങ്ങാന്‍ പറഞ്ഞ അച്ഛന്റെ ക്രൂരതയില്‍ കുഞ്ഞിന്റെ ജീവന്‍ നഷ്ടമായി. ഓസ്‌ട്രേലിയയിലാണ് സംഭവം. കൊടിയ വിഷമുള്ള ഓസ്‌ട്രേലിയന്‍ ബ്രൗണ്‍ സ്‌നേക്കിന്റെ കടിയേറ്റാണ് കുഞ്ഞു മരിച്ചത്. ട്രസ്റ്റിയന്‍ ജെയിംസ് ഫ്രാം ആണ് മരണപ്പെട്ടത്.
2021 നവംബര്‍ 21ന് ബ്രിസ്‌ബേണില്‍ നിന്ന് ഏകദേശം 257 കിലോമീറ്റര്‍ അകലെയുള്ള ക്വീന്‍സ്ലാന്‍ഡിലെ മര്‍ഗോണിലാണ് സംഭവം നടന്നത്. റൈഡിംഗ് മോവറില്‍ നി്‌ന് വീണതിന് പിന്നാലെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പുകടിയേറ്റതിന് വൈദ്യസഹായം തേടാതെ കുട്ടിയോട് ഒന്നുറങ്ങി എഴുന്നേല്‍ക്കാനാണ് പിതാവ് ആവശ്യപ്പെട്ടത്.
കഴിഞ്ഞാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പാമ്പിന്റെ വിഷബാധയേറ്റുണ്ടായ കടുത്ത ആന്തരിക രക്തസ്രാവം മൂലമാണ് ട്രിസ്റ്റ്യന്‍ ജെയിംസ് ഫ്രാം മരിച്ചതെന്ന് അന്വേഷണ ഉേദ്യാഗസ്ഥന്‍ പറയുന്നു. തക്കസമയത്ത് വൈദ്യസഹായം നല്‍കിയിരുന്നെങ്കില്‍ കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നെന്നും 22 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
പാമ്പുകടിയേറ്റെന്ന് കുട്ടി പറഞ്ഞപ്പോള്‍ പിതാവ് കെറോഡ് ഫ്രാമും മറ്റ് രണ്ടുപേരും കുട്ടിയെ പരിശോധിച്ചെങ്കിലും വ്യക്തമായ പാടുകളോ മുറിവുകളോ കണ്ടില്ലെന്ന് പറഞ്ഞ് അവഗണിച്ചു. ഉറങ്ങി എഴുന്നേല്‍ക്കാന്‍ കുട്ടിയോട് പറഞ്ഞെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടി മദ്യപിച്ചിരുന്നെന്നും അതുകൊണ്ടാണ് അസുഖം ബാധിച്ചതു പോലെ പെരുമാറിയതെന്നുമായിരുന്നു പിതാവ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല.
പിതാവ് പറഞ്ഞതനുസരിച്ച് കിടക്കാന്‍ പോയ കുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും പിന്നാലെ ഛര്‍ദ്ദിക്കുകയും ചെയ്തു. കുട്ടിയുടെ മരണവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വലതു കണങ്കാലില്‍ പാമ്പുകടിയേറ്റ പാട് കണ്ടെത്തി. പിതാവിന്റെ പേരില്‍ ആദ്യം നരഹത്യയ്ക്ക് കേസെടുത്തെങ്കിലും പിന്നീട് അത് ഒഴിവാക്കുകയായിരുന്നു.