പ്രണയ ബന്ധം അറിഞ്ഞു; ഭർത്താവിനെ കാമുകനുമായി ചേർന്ന് കൊലപ്പെടുത്തി ഓടയിൽ തള്ളി സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ

01:31 PM Apr 16, 2025 | Kavya Ramachandran

ഹരിയാണ: കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി ഓടയിൽ തള്ളി സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ. തന്റെ പ്രണയ ബന്ധം ഭർത്താവ് മനസിലാക്കിയതിനെ തുടർന്നായിരുന്നു കൊലപാതകം  . ഹരിയാണയിലെ ഭിവാനിയിൽ കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ രവീണയാണ് ആൺസുഹൃത്തായ സുരേഷുമായി ചേർന്ന് ഭർത്താവ് പ്രവീണിനെ കൊലപ്പെടുത്തിയത്.

2017 ലായിരുന്നു രവീണയും പ്രവീണും തമ്മിലുള്ള വിവഹം. ഇരുവർക്കും ആറുവയസുള്ള ഒരു മകനുണ്ട്. രണ്ടു വർഷങ്ങൾക്ക് മുമ്പാണ് യുവതി സുരേഷുമായി സൗഹൃദത്തിലാകുന്നത്. യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകൾ ചിത്രീകരിക്കാറുണ്ടായിരുന്ന സുരേഷുമായി ചേർന്ന് രവീണയും വീഡിയോകൾ ചെയ്തു തുടങ്ങി. പ്രവീണിന് എതിർപ്പുണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നിച്ച് വീഡിയോ ചെയ്യുന്നത് തുടർന്നു.

മാർച്ച് 25-ന്, പ്രവീൺ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ രവീണയെയും സുരേഷിനെയും ഒരുമിച്ച് കാണുകയും ഇത് ദമ്പതികൾക്കിടയിൽ തർക്കത്തിന് കാരണമാകുകയും ചെയ്തു. പിന്നാലെ രാത്രി രവീണയും സുരേഷും ചേർന്ന് ഒരു ഷാൾ ഉപയോഗിച്ച് പ്രവീണിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം ഇരുചക്രവാഹനത്തിൽ കൊണ്ടുപോയി നഗരത്തിന് പുറത്തുള്ള ഒരു ഓടയിൽ തള്ളുകയായിരുന്നു. രവീണയും സുരേഷും പ്രവീണിന്റെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രവീണിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഷ് ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.