ബെംഗളൂരു: കന്നഡ ഗാനം ആലപിക്കാൻ നാലഞ്ചു വിദ്യാർഥികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് താൻ പ്രകോപിതനായതെന്ന് ഗായകൻ സോനു നിഗം. ചുരുക്കം ചിലരുടെ പ്രവൃത്തികൾക്ക്, മുഴുവൻ സമൂഹത്തെയും ഉത്തരവാദികളാക്കുകയോ സാമാന്യവൽക്കരിക്കുകയോ ചെയ്യരുതെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചു.
കന്നഡ ഗാനത്തിനായി നാലഞ്ച് ആൺകുട്ടികൾ ബഹളമുണ്ടാക്കിയപ്പോൾ പരിപാടി അലങ്കോലപ്പെടുത്തരുതെന്ന് ചുറ്റും നിന്ന പെൺകുട്ടികൾ അവരോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പാട്ട് പാടാൻ ഭീഷണിപ്പെടുത്തുന്ന നയം അംഗീകരിക്കാനാകില്ല. ഭാഷയുടെ പേരിലെ വിദ്വേഷം അംഗീകരിക്കാനാകില്ല. കരിയറിലെ നല്ല പാട്ടുകൾ പാടിയത് കന്നഡയിലാണ്. കന്നഡിഗർ തനിക്കു കുടുംബാംഗങ്ങളെ പോലെയാണെന്നും സോനു നിഗം വിശദീകരിച്ചു.
ഏപ്രിൽ 25ന് വിർഗോനഗർ ഈസ്റ്റ് പോയിന്റ് കോളജിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയാണ് കേസിന് ആസ്പദമായ സംഭവം. കന്നഡ ഗാനത്തിനായി വിദ്യാർഥികൾ ബഹളമുണ്ടാക്കിയപ്പോൾ പ്രകോപിതനായ ഗായകൻ ‘കന്നഡ, കന്നഡ എന്നാവശ്യപ്പെടുന്ന ഈ രീതി ഭീഷണി നിറഞ്ഞതാണ്’ എന്നു പൊതുവേദിയിൽ പ്രതികരിച്ചിരുന്നു. വിദ്യാർഥി ജനിക്കും മുൻപ് താൻ കന്നഡ ഗാനങ്ങൾ ആലപിച്ചു തുടങ്ങിയതാണെന്നും ഇത്തരം സമീപനങ്ങളാണ് പഹൽഗാം പോലുള്ള സംഭവങ്ങൾക്ക് വഴിവയ്ക്കുന്നതെന്നും പറഞ്ഞു. തുടർന്ന് വലിയ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയർന്നത്.