ആവശ്യമായ സാധനങ്ങള്‍
പുളിയിലയുടെ തളിര് ഒരു പിടി 
പരിപ്പ്- കാല്‍ കപ്പ് 
തേങ്ങ ചിരകിയത്- കാല്‍ കപ്പ് 
വെളുത്തുള്ളി- 2-3 അല്ലി   
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍ 
മുളകുപൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന് 
വെള്ളം ആവശ്യത്തിന് 
എണ്ണ -2-3 ടീസ്പൂണ്‍
കായപ്പൊടി 
ഉണക്കമുളക്- 2
പച്ചമുളക്- 2-3
കടുക് 
ജീരകം 
ഉലുവാപ്പൊടി അര ടീസ്പൂണ്‍ 
തയ്യാറാക്കുന്ന വിധം
പുളിയിലയുടെ തളിര് നന്നായി കഴുകിയെടുത്ത് വെള്ളം കളഞ്ഞ് മാറ്റിവെക്കണം. പ്രഷര്‍ കുക്കറില്‍ 3-4 വിസില്‍ വരുന്നതു വരെ പരിപ്പും ഒരു നുള്ളു മഞ്ഞള്‍ പൊടിയും വെളുത്തുള്ളിയും വേവിച്ചെടുക്കണം. കുക്കര്‍ ചൂടാറിയ ശേഷം തുറന്ന് പരിപ്പ് നന്നായി ഉടയ്ക്കാം.
ഒരു പാനില്‍ എണ്ണ ചൂടാക്കി പച്ചമുളക് ചേര്‍ക്കുക, ഒന്ന് ചൂടായി വരുമ്പോള്‍ കഴുകിവെച്ച ഇല ചേര്‍ത്ത് നന്നായി വഴറ്റി എടുക്കണം. ശേഷം മുളകുപൊടിയും ഉലുവാപ്പൊടിയും ചേര്‍ത്ത് ഇതില്‍ നിന്നും ഒരു പിടിയെടുത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കാം. അരയ്ക്കുമ്പോള്‍ കുറച്ച് ഉപ്പു ചേര്‍ക്കാവുന്നതാണ്.
അരപ്പും വേവിച്ചുവെച്ചിരിക്കുന്ന പരിപ്പും കൂടി പാനിലേക്കു ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിക്കാം. ഉപ്പു നോക്കി ആവശ്യമെങ്കില്‍ ചേര്‍ത്ത്, ചിരകിവെച്ചിരിക്കുന്ന തേങ്ങ ഇട്ടുകൊടുത്ത് ഒന്ന് തിളപ്പിച്ചെടുക്കണം. തിളക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കി കൊടുക്കാം.
താളിക്കാനായി ഒരു കടായിയില്‍ എണ്ണയൊഴിച്ച് കടുകും ഉണക്കമുളകും ചെറിയ ജീരകവും ചേര്‍ത്ത് മൂപ്പിച്ചശേഷം അടുപ്പ് ഓഫ് ചെയ്ത് കായപ്പൊടിയിട്ട് കറിയിലേക്ക് ചേര്‍ക്കാം. പുളിയിലക്കറി തയ്യാര്‍. ഇത് ചൂട് ചോറിനൊപ്പം വിളമ്പാം.
 
  
  
 