+

സൗമ്യയും ശ്രീക്കുട്ടിയും ഭരണകൂട നിസ്സം​ഗതയുടെ ഇരകൾ, സർക്കാർ ഇനിയെങ്കിലും ഉണരണം ; രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ എം പി

വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രക്കാരൻ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ എം പി.

തിരുവനന്തപുരം : വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രക്കാരൻ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാൽ എം പി. ഭരണകൂടത്തിന്റെ നിസ്സം​ഗതയുടെ ഇരകളാണ് സൗമ്യയും ശ്രീക്കുട്ടിയുമെന്ന് കെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം 

14 വർഷങ്ങൾക്ക് മുൻപ് മനസ്സ് മരവിച്ചൊരു വാർത്ത കേട്ടതിന്റെ ഓർമകളിൽക്കൂടിയാണ് ഇന്നലത്തെ രാത്രി കടന്നുപോയത്. സൗമ്യയുടെ ചേതനയറ്റ ശരീരവും ഒരമ്മയുടെ അടക്കിപ്പിടിച്ച കരച്ചിലും ഓർമ്മകളിൽ നിന്ന് ഒരുകാലവും മായ്ക്കപ്പെടില്ല. പക്ഷേ, എത്രയെത്ര മനുഷ്യത്വമില്ലാത്ത കുറ്റകൃത്യങ്ങൾക്ക് നാം സാക്ഷിയായാലും, എത്രയെത്ര മനസ്സാക്ഷി മരവിക്കുന്ന കാഴ്ചകൾ മുൻപിൽ വന്നാലും ഭരണകൂടങ്ങൾ പുലർത്തുന്ന നിസ്സംഗതയ്ക്ക് ഒരു മാറ്റാവുമുണ്ടാകില്ലെന്നത് ക്രൂരമാണ്.

ജീവനോട് പൊരുതുകയാണ് ഒരു പെൺകുട്ടി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. ട്രെയിനിൽ വെച്ച് മദ്യലഹരിയിൽ ഒരു ക്രൂരൻ നടത്തിയ ആക്രമണം. ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട അവളുടെ സുഹൃത്ത്. എന്നാണ് പഠിക്കുക നമ്മുടെ ഭരണസംവിധാനങ്ങൾ? സൗമ്യയും ശ്രീക്കുട്ടിയുമൊക്കെ ഇരകളാവുകയാണ്, ഭരണകൂടങ്ങളാൽ.

മദ്യലഹരിയിലാണ് അയാൾ കോട്ടയം മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്തത്. എവിടെയായിരുന്നു ജനങ്ങളുടെ സുരക്ഷയ്ക്കൊരുക്കിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്? എവിടെയാണ് പൊലീസ് സംവിധാനം? 15 വർഷങ്ങൾക്കു മുൻപ് എങ്ങനെയായിരുന്നോ ആർപിഎഫിന്റെയും റെയിൽവേ പൊലീസിന്റെയും അംഗബലം, അതിൽ നിന്ന് ഒരണു പോലും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്തെ അർദ്ധസൈനിക വിഭാഗങ്ങളുടെയും സംസ്ഥാന ഏജൻസികളുടെയും ആൾബലം ക്രമേണ വർദ്ധിച്ചിട്ടും റെയിൽവേ ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്. ട്രെയിനിന്റെയും പാളങ്ങളുടെയും സ്റ്റേഷനുകളുടെയും എണ്ണം കൂടിയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് നിയോഗിക്കേണ്ടുന്ന സംവിധാനത്തോട് കടുത്ത അവഗണന തുടരുകയാണ്. 

ഇനിയും ഒരിരയ്ക്ക് വേണ്ടി കാത്തിരിക്കും പോലെയുള്ള മാനസികനിലയിലാണ് കേന്ദ്ര ഭരണകൂടം പെരുമാറുന്നത്. നമ്മുടെ പെൺമക്കൾക്കും സഹോദരിമാർക്കും അമ്മമാർക്കുമൊക്കെ സമാധാനത്തോടെ യാത്ര ചെയ്യാൻ കഴിയണം. അതിനിനിയും പുലർത്തുന്ന നിസ്സംഗത റെയിൽവേ അവസാനിപ്പിക്കണം. ആക്രമണത്തിനിരയായ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും പ്രതിയെ പിടികൂടുകയുമല്ല, ആ ആക്രമണം ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്യേണ്ടത്. ഇനിയുമൊരു സൗമ്യ ഉണ്ടാവരുത്. ഇനിയുമൊരു ശ്രീക്കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കാൻ നമുക്കിട വരരുത്. ഇനിയെങ്കിലും ഉണരുക.

Trending :
facebook twitter