ബെംഗളൂരു മലയാളികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വെ. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാന്‍ ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യല്‍ ട്രെയിന്‍ (06523/06524) അനുവദിച്ചിരിക്കുകയാണ് റെയില്‍വെ. ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 16 വരെ എല്ലാ തിങ്കളാഴ്ചയും വൈകിട്ട് 7.25-ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചക്ക് 1.15-ന് തിരുവനന്തപുരം നോര്‍ത്തിലെത്തും.
ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 16 വരെ എല്ലാ ചൊവ്വാഴ്ചയും ഉച്ചക്ക് 3.15-ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. പിറ്റേദിവസം രാവിലെ 8.30-ന് ബെംഗളൂരുവിലെത്തും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്, കൊല്ലം, വര്‍ക്കല എന്നിവടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
മറ്റ് സ്പെഷ്യല്‍ ട്രെയിനുകള്‍
ചെന്നൈ-കൊല്ലം, കൊല്ലം-ചെന്നൈ, മംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി), തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു, മംഗളൂരു-കൊല്ലം, കൊല്ലം -മംഗളൂരു റൂട്ടുകളിലായി ആകെ 28 സര്‍വീസുകള്‍ നടത്തും.