logo

സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ അപേക്ഷ ക്ഷണിച്ചു

08:41 PM Mar 14, 2025 | Kavya Ramachandran

CEE-KEAM 2025 അധ്യയന വര്‍ഷം ആരംഭിക്കുന്ന വിവിധ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സംസ്ഥാന സ്പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണര്‍ പുറപ്പെടുവിച്ച പ്രോസ്‌പെക്ടസിലെ 5.2.16 പ്രകാരം യോഗ്യതയുള്ള കായികതാരങ്ങള്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ പകര്‍പ്പ്, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ സ്പോര്‍ട്‌സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം.

2023 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലഘട്ടങ്ങളില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായികയിനങ്ങളില്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയര്‍/ യൂത്ത് മത്സരങ്ങളില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കല്‍, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കല്‍ എന്നിവയാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. പ്രസ്തുത വര്‍ഷങ്ങളില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

അപേക്ഷകര്‍ സ്പോര്‍ട്‌സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്‌കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്പോര്‍ട്‌സ്) സാക്ഷ്യപ്പെടുത്തണം. 10.02.2020 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ 42/2020/കാ.യുവ പ്രകാരമാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്.

എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണര്‍ പുറപ്പെടുവിച്ച 2025 ലെ പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കുകയുള്ളൂ. അപൂര്‍ണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം – 1 എന്ന വിലാസത്തില്‍ മാര്‍ച്ച് 22 വരെ സ്വീകരിക്കും. ഫോണ്‍ നമ്പര്‍ : 0471 2330167 / 2331546.