+

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓൺലൈൻ മൂല്യനിർണയത്തിലേക്ക്

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല  മൂല്യനിര്‍ണയം ഓണ്‍ലൈനാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പഠിതാക്കള്‍ക്ക് സൗകര്യമുള്ളസമയത്ത് പരീക്ഷയെഴുതാനുള്ള സംവിധാനവും (എക്സാം ഓണ്‍ ഡിമാന്‍ഡ്) ഒരുക്കും. ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പിനുള്ള സോഫ്റ്റ്വേറിനായി സാങ്കേതിക സര്‍വകലാശാല അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്.

മലപ്പുറം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല  മൂല്യനിര്‍ണയം ഓണ്‍ലൈനാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതിരാജ് പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പഠിതാക്കള്‍ക്ക് സൗകര്യമുള്ളസമയത്ത് പരീക്ഷയെഴുതാനുള്ള സംവിധാനവും (എക്സാം ഓണ്‍ ഡിമാന്‍ഡ്) ഒരുക്കും. ഓണ്‍ലൈന്‍ പരീക്ഷാനടത്തിപ്പിനുള്ള സോഫ്റ്റ്വേറിനായി സാങ്കേതിക സര്‍വകലാശാല അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്.

പരീക്ഷ നടത്തിയ ഉടന്‍ ഉത്തരക്കടലാസ് സ്‌കാന്‍ചെയ്ത് ഏകീകൃതനിലയത്തിലേക്ക് അയക്കും. കംപ്യൂട്ടര്‍ വഴി മൂല്യനിര്‍ണയം നടത്തി ഉടന്‍ മാര്‍ക്കുകള്‍ ചേര്‍ക്കും. 15-20 ദിവസത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കാന്‍ കഴിയും. ഇതിനായി സ്‌കാനിങ് സെന്ററുകള്‍ സ്ഥാപിക്കും. കേരളത്തിന് പുറത്ത് മഹാരാഷ്ട്ര സര്‍വകലാശാല പോലുള്ള ഓപ്പണ്‍ സര്‍വകലാശാലകള്‍ ഇത് ചെയ്യുന്നുണ്ട്. കേരളത്തില്‍ ആരോഗ്യ സര്‍വകലാശാലയാണ് ഓണ്‍ലൈനായി മൂല്യനിര്‍ണയം നടത്തുന്നത്.

എക്‌സാം ഓണ്‍ ഡിമാന്‍ഡ് വഴി വിദേശത്തുള്ള പഠിതാക്കള്‍ക്ക് അവര്‍ ലീവില്‍ നാട്ടിലെത്തുന്നസമയത്ത് പരീക്ഷ നടത്താന്‍ ആവശ്യപ്പെടാം. ഒരു വ്യക്തിക്കുവേണ്ടിപ്പോലും പരീക്ഷ നടത്താന്‍കഴിയും. നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് ചോദ്യക്കടലാസ് തയ്യാറാക്കുക. മാത്രമല്ല, അടുത്ത അധ്യയനവര്‍ഷം മുതല്‍ മറ്റ് വലിയ സര്‍വകലാശാലകള്‍ക്ക് ഉള്ളതുപോലെ പരീക്ഷാ കലന്‍ഡറും നടപ്പാക്കും - വൈസ് ചാന്‍സലര്‍ പറഞ്ഞു.

അസൈന്‍മെന്റുകള്‍ മുഴുവന്‍ ഓണ്‍ലൈനാക്കും. പുതിയ സോഫ്റ്റ്വേര്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊവിഷണല്‍, കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് അടക്കം എല്ലാം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. പഠനോപകരണങ്ങള്‍ വൈകുന്ന പ്രശ്‌നം ഉടന്‍ പരിഹരിക്കും. സിലബസ് തയ്യാറാക്കുന്നത് മുതല്‍ എല്ലാം സര്‍വകലാശാല തന്നെയാണ് ചെയ്യുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.


 

facebook twitter