+

സോഷ്യല്‍ മീഡിയയില്‍ ചാനലിനെ തെറിവിളിച്ചാല്‍ ക്യാമറാ സംഘം വീട്ടിലെത്തുമെന്ന് ശ്രീകണ്ഠന്‍ നായരുടെ മുന്നറിയിപ്പ്, അടികൊണ്ടേക്കുമെന്ന് പ്രതികരണം

കേരളത്തിലെ മാധ്യമരംഗത്ത് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിയാണ് ആര്‍ ശ്രീകണ്ഠന്‍ നായര്‍.

കൊച്ചി: കേരളത്തിലെ മാധ്യമരംഗത്ത് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിയാണ് ആര്‍ ശ്രീകണ്ഠന്‍ നായര്‍. പ്രവര്‍ത്തിച്ച ചാനലുകളിലെല്ലാം മികവുകാട്ടിയിട്ടുള്ള അദ്ദേഹം ഇപ്പോള്‍ 24 ന്യൂസ് ചാനലിലൂടെ നടത്തിയ മുന്നറിയിപ്പിലൂടെ വീണ്ടും ശ്രദ്ധപിടിച്ചുപറ്റുകയാണ്.

ചാനല്‍ വാര്‍ത്തകളില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ തങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിക്കുന്നവരെ വെറുതെവിടില്ലെന്നാണ് ശ്രീകണ്ഠന്‍ നായരുടെ മുന്നറിയിപ്പ്. അതിരുകടന്ന അശ്ലീല പ്രയോഗത്തിന് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ തെറിവിളിച്ചയാളുടെ വീട്ടില്‍ ക്യാമറാനും സംഘവും എത്തിയെന്നും മാപ്പു പറഞ്ഞ് അയാള്‍ തടിയൂരുകയാണെന്നും ചാനലിലൂടെ പറയുകയുണ്ടായി. ഈ രീതിയില്‍ തെറിവിളിക്കുന്നവരെയെല്ലാം തേടി ക്യാമറാ സംഘമെത്തുമെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

ചാനലിലൂടെ വ്യാജ വാര്‍ത്തകളും അര്‍ദ്ധസത്യങ്ങളും ഏകപക്ഷീയമായ രാഷ്ട്രീയ ആക്രമണവും നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തെറിവിളി പതിവാണ്. ഇവരെ നിലയ്ക്കുനിര്‍ത്താനാണ് ചാനലിന്റെ ശ്രമം.

ശ്രീകണ്ഠന്‍ നായരുടെ മുന്നറിയിപ്പ് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ തെറിവിളി കൂടിയെന്നതാണ് യാഥാര്‍ത്ഥ്യം. ക്യാമറയുമായി വീട്ടിലെത്തുന്നവര്‍ വന്നതുപോലെ തിരിച്ചുപോകില്ലെന്നും മുന്നറിയിപ്പുണ്ട്. ചാനല്‍ പ്രവര്‍ത്തകരെ കൈയ്യകലത്തില്‍ കിട്ടാന്‍ കാത്തിരിക്കുകയാണെന്നും ഒരുവിഭാഗം ഭീഷണിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ തെറിവിളിക്കൊപ്പം ഭീഷണിയും കടുത്തതോടെ ശ്രീകണ്ഠന്‍ നായര്‍ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം നടത്തിയില്ല.

 

facebook twitter