കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് സി.പി.ഐ. എം.എൽ. റെഡ് സ്റ്റാർ കലക്ട്രേറ്റിന് മുമ്പിൽ 127 ദിവസമായി നടത്തുന്ന അനിശ്ചിത കാല സമരം 31 ന് അവസാനിപ്പിച്ചിരുന്നു. പോരാട്ടം തുടരുമെന്നും സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മുണ്ടക്കൈ-ചൂരൽമല ഉൾപ്പെടെ ദുരന്തമുഖത്തുള്ള മുഴുവൻ കുടുംബങ്ങളെയും യുദ്ധകാലാടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കണമെന്നും പുനരധിവാസത്തിൻ്റെ മറവിൽ തോട്ടം നടത്തിപ്പുകാരെ സഹായിക്കുന്ന സർക്കാർ വിടുവേല അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിദേശ കമ്പനി ഹാരിസൺസും എൽസ്റ്റണും ഉൾപ്പെടെ തോട്ടം മാഫിയകൾ കയ്യടക്കിയ മുഴുവൻ സർക്കാർ ഭൂമിയും നിയമനിർമ്മാണത്തിലൂടെ സർക്കാർ ഏറ്റെടുക്കണം..
പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുക്കാൻ നിശ്ചയിച്ച ഭൂമി നിലവിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവർ നൽകിയ തടസ്സ ഹർജി തള്ളിക്കൊണ്ട് സർക്കാരിന് ഭൂമി ഏറ്റെടുക്കാം എന്ന ഹൈക്കോടതി വിധി ഭൂമിയും വീടും നഷ്ടപ്പെട്ടു നിരാലംബരായിത്തീർന്ന ദുരന്ത ബാധിതർക്ക് ആശ്വാസം നൽകുന്നതാണെന്ന് തോന്നാമെങ്കിലും, വിധിയുടെ ഭാഗമായി തോട്ടം നടത്തിപ്പുകാർക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന വ്യവസ്ഥ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണന്ന് ഭാരവാഹികൾ പറഞ്ഞു.
മുണ്ടക്കൈ ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര പുനരധിവാസപദ്ധതികൾ ആരംഭിക്കണമെന്ന് കേരള ജനത ഒന്നടങ്കം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായി 5 മാസങ്ങൾ പിന്നിട്ടതിന് ശേഷമാണ് സാമ്പത്തികമായ ഒരു പാക്കേജും പ്രഖ്യാപിക്കാതെ ഔപചാരികമായ ഒരു പ്രഖ്യാപനം മാത്രമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തത് കൊണ്ട് സംസ്ഥാന സർക്കാറിന് ഈ ആവശ്യത്തിന് കൂടുതൽ കടമെടുക്കാനും മറ്റ് സാമ്പത്തിക ശക്തികളുടെ സഹായം ആവശ്യപ്പെടാനുമുള്ള വഴി തുറന്നു കിട്ടി എന്നത് മാത്രമാണ് ഈ പ്രഖ്യാപനത്തിൻ്റെ ഫലം! തോട്ടം മാനേജ്മെൻ്റുകൾക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള വിധി വന്നതിൻ്റെ തൊട്ടു പിന്നാലെ കേന്ദ്ര സർക്കാറിൻ്റെ ഈ പ്രഖ്യാപനം വന്നതും വെറും യാദൃശ്ചികമല്ല.
ദുരന്തത്തെ തുടർന്ന് സർക്കാർ സമീപനം ജനങ്ങൾക്ക് അനുകൂലമല്ലെന്ന കൃത്യമായ തിരിച്ചറിവോടെയാണ് സർക്കാർ അടിയന്തിരമായും ദീർഘകാലാടിസ്ഥാനത്തിലും നിർവ്വഹിക്കേണ്ട കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ആഗസ്റ്റ് 27 മുതൽ CPI(ML) റെഡ് സ്റ്റാർ കല്പറ്റ കലക്ടറേറ്റിനു മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചത്.
കലക്ടറേറ്റിനു മുന്നിലെ സമരം 127 ദിവസമാകുമ്പാൾ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കുറ്റകരമായ അനാസ്ഥയുടെ ഒട്ടേറെ വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.
ദുരന്തബാധിതരുടെ പട്ടിക കുറ്റമറ്റ രീതിയിൽ തയാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ല.ഇത്രയും ഗുരുതരമായ ദുരന്തത്തെ നേരിടേണ്ടി വന്ന മനുഷ്യരുടെ മാനസികവും ശാരീരികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനും ആവശ്യമായ അടിയന്തിരവും പ്രാഥമികവുമായി ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാർ നിർവ്വഹിച്ചില്ല. കടങ്ങൾ എഴുതിത്തള്ളിയില്ല.
പുനരധിവാസവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങൾ സജീവമായി ഉന്നയിക്കാനും സർക്കാർ സംവിധാനങ്ങളുടെ പാളിച്ചകൾ ജനസമക്ഷം തുറന്ന് കാണിക്കാനും പാർട്ടിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ 127 ദിവസങ്ങളായി തുടർച്ചയായി നടക്കുന്ന സമരത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
അതിലൂടെ പുനരധിവാസ പ്രശ്നത്തിൽ പല സംഘടനകളും കൂട്ടായ്മകളും രംഗത്തിറങ്ങുന്നതിന് ഈ സമരവും ഉത്തേജനമായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ കലക്ടറേറ്റിനു മുന്നിലെ പാർട്ടി നേതൃത്വത്തിലുള്ള സമരം അവസാനിപ്പിക്കുകയും പുനരധിവാസ അവകാശത്തിനായുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്.
അതോടൊപ്പം വിദേശതോട്ടം മാഫിയകളും അവരുടെ ബിനാമികളും നിയമവിരുദ്ധമായി കയ്യടക്കി വച്ചിട്ടുള്ള മുഴുവൻ ഭൂമിയും സർക്കാർ നിയമ നിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രക്ഷോഭവും സംസ്ഥാന തലത്തിൽ യോജിക്കാവുന്ന മുഴുവൻ ശക്തികളെയും യോജിപ്പിച്ച് കൊണ്ട് ശക്തിപ്പെടുത്തും.സംസ്ഥാന സെക്രട്ടറി എം. പി കുഞ്ഞിക്കണാരൻ,ജില്ലാ കെ.വി. പ്രകാശ്, പി. എം. ജോർജ്ജ്,പി.ടി. പ്രേമാനന്ദ്, എം.കെ. ഷിബു,എ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.