ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ട കൂടുതല്‍ ഭീകരരുടെ വിവരങ്ങള്‍ പുറത്ത്. ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താക്കന്മാര്‍ അടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് ഏഴാം തീയതി ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ തുടങ്ങിയ പാക് ഭീകരസംഘടനകളുടെ പ്രധാന ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.
മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താക്കന്മാരായ ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസര്‍ എന്ന ഉസ്താദ് ജി, മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാല്‍, ഖാലിദ് എന്ന അബു അഖാശ, മുഹമ്മദ് ഹസ്സന്‍ ഖാന്‍ തുടങ്ങിയ കൊടുംഭീകരര്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ വിവിധ ഭീകരാക്രമണങ്ങളിലടക്കം പ്രധാനപങ്കുള്ളവരാണ് ഇവര്‍. ജെയ്ഷെ മുഹമ്മദിന്റെ ഭീകരരാണ് മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താക്കന്മാരായ ഹാഫിസ് മുഹമ്മദ് ജമീലും മുഹമ്മദ് യൂസഫ് അസറും. കാണ്ഡഹാര്‍ വിമാനറാഞ്ചലില്‍ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന പ്രധാന പ്രതികളിലൊരാള്‍ കൂടിയാണ് മുഹമ്മദ് യൂസഫ് അസര്‍.
ലഷ്‌കറെ തൊയ്ബയുടെ പ്രധാന നേതാക്കളാണ് മുദസ്സര്‍ ഖദിയാന്‍ ഖാസ് എന്ന അബു ഝുന്‍ഡാലും ഖാലിദ് എന്ന അബു അഖാശയും. അബു ഝുന്‍ഡാലിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത് പാകിസ്താനിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍വെച്ചായിരുന്നു. ആഗോള ഭീകരനായ ഹാഫിസ് അബ്ദുല്‍ റൗഫാണ് ഇയാളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജമ്മുകശ്മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളില്‍ പങ്കുള്ള ആളാണ് അബു അഖാശ. ജെയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകനാണ് ഭീകരനായ മുഹമ്മദ് ഹസ്സന്‍ ഖാന്‍. പാക് അധീന കശ്മീരിലെ ജെയ്ഷെ കമാന്‍ഡര്‍മാരില്‍ പ്രധാനിയാണ് ഇയാള്‍.